
താമരശ്ശേരി ബിഷപ്പിനും സെന്റ് റീത്താസ് സ്‌കൂളിനും ഭീഷണിക്കത്ത്. ഇസ്ലാമിക് ഡിഫന്‍സ് ഫോഴ്സ് ഓഫ് ഇന്ത്യ എന്നൊരു സംഘടനയുടെ പേരില്‍ അബ്ദുല്‍ റഷീദ് എന്നയാളാണ് കത്തയച്ചത്. താമരശ്ശേരി ബിഷപ്പിന് വധഭീഷണി മുഴക്കിയ കത്ത് ബിഷപ്പിന്റെ ഓഫീസിലാണ് ലഭിച്ചത്. ഈരാറ്റുപേട്ടയിലെ വിലാസത്തിലാണ് കത്ത്. ഹിജാബ് വിഷയം കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. നിലവില്‍ ഓസ്ട്രേലിയന്‍ പര്യടനത്തിലാണ് താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയല്‍.
അതേസമയം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന് ലഭിച്ച ഭീഷണിക്കത്തില്‍, ശബരിമലയിലെ സ്വര്‍ണ്ണ മോക്ഷത്തോടനുബന്ധിച്ച് കേരളത്തിലെ മാറിവരുന്ന ജനവികാരം കണക്കിലെടുത്ത് പറഞ്ഞു ഉറപ്പിച്ച വ്യവസ്ഥകളില്‍ നിന്ന് എന്തെങ്കിലും മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിന് വേണ്ടി തങ്ങളാല്‍ സ്പോണ്‍സര്‍ ചെയ്തു നടപ്പിലാക്കിയ ഒരു പ്രോഗ്രാം ആയിരുന്നു പള്ളുരുത്തി ഹിജാബ് പ്രശ്നമെന്ന് പറയുന്നു. ഹിജാബ് വിഷയത്തില്‍ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പ്രതികരണം ആണ് ലഭിച്ചതെന്നും കത്തില്‍ പരാമര്‍ശിക്കുന്നു.
കേരളത്തില്‍ 90% റവന്യൂ വരുമാനം നേടിത്തരുന്നത് മുസ്ലിം സമുദായമാണെന്നും അതിനാല്‍ സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും, നിസ്‌കരിക്കാനും സൗകര്യം ഒരുക്കണമെന്നും ഇസ്ലാമിക് ഡിഫന്‍സ് ഫോഴ്സ് ഓഫ് ഇന്ത്യയുടെ പേരിലയച്ച കത്തില്‍ പറയുന്നു. മാത്രമല്ല സര്‍ക്കാര്‍ അര്‍ത്ഥ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജോലികള്‍ 70% എങ്കിലും മുസ്ലിം സമുദായത്തില്‍പെട്ടവര്‍ക്കായി മാറ്റിവെക്കണം എന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. കൈപ്പടയില്‍ എഴുതിയ കത്ത് തപാലിലാണ് എത്തിയത്. ഭീഷണിക്കത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു