നെടുങ്കണ്ടം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ചിത്രം പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കോട്ടയം തലനാട് സ്വദേശി പുതുപ്പള്ളിമറ്റം പി.ടി. സഞ്ചു(30)വാണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. ഒരു വര്‍ഷം മുമ്പാണ് യുവാവ് സ്നാപ് ചാറ്റിലൂടെ പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നത്. അടുത്തിടെ പെണ്‍കുട്ടി സൗഹൃദം ഉപേക്ഷിച്ചതോടെ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഇയാള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും പെണ്‍കുട്ടിയുടെ മാതാവ് അടക്കമുള്ളവര്‍ക്ക് അയച്ചു നല്‍കുകയും ചെയ്തു. ഇതേതുടര്‍ന്ന് പെണ്‍കുട്ടി നെടുങ്കണ്ടം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവാവ് കുടുങ്ങിയത്. നെടുങ്കണ്ടം സി.ഐ ജെര്‍ലിന്‍ വി. സ്കറിയയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. എ.എസ്.ഐ ഹരികുമാര്‍, സി.പി.ഒ സജീവന്, വനിത എ.എസ്.ഐ ശാന്തി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.