ചെന്നൈ: പുതുച്ചേരിയിൽ കൊള്ളപലിശക്കാരുടെ ഭീഷണി മൂലം യുവസംരംഭകൻ ആത്മഹത്യ ചെയ്തു. വിക്രം എന്ന 33കാരനാണ് മരിച്ചത്. കൊള്ളപലിശക്കാരുടെ ഭീഷണി മൂലമാണ് ജീവനൊടുക്കുന്നതെന്ന് യുവാവ് ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
നിരവധി പലിശക്കാരുടെ പേരുകൾ യുവാവിന്റെ ആത്മഹത്യ കുറിപ്പിലുണ്ട്. ഭീഷണി താങ്ങാൻ സാധിക്കാതിരുന്നതോടെയാണ് ഇയാൾ ആത്ഹമത്യ ചെയ്തതെന്നാണ് പൊലീസ് നൽകുന്ന വിവരം. സ്വകാര്യ പണമിടപാടുകാരനിൽ നിന്നും 3.8 ലക്ഷം രൂപ ഇയാൾ വായ്പയായി വാങ്ങിയിരുന്നു. ഇതിന് പ്രതിമാസം 38,000 രൂപയാണ് പലിശയായി നൽകിയത്. പത്ത് ശതമാനമാണ് പ്രതിമാസ പലിശനിരക്ക്.
മറ്റൊരു പലിശക്കാരൻ 30,000 രൂപയും ഇയാൾക്ക് കടം നൽകിയിരുന്നു. ഇയാളും പ്രതിമാസം 6000 രൂപ പലിശ ആവശ്യപ്പെട്ടതോടെ യുവാവ് കടുത്ത പ്രതിസന്ധിയിൽ ആയിരുന്നു. ഒരു വാഹനാപകടത്തെ തുടർന്നാണ് ഇയാളും കുടുംബവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടത്.
തമിഴക വെട്രി കഴകം പാർട്ടിയുടെ പുതുച്ചേരി പ്രാദേശിക നേതാവ് കൂടിയാണ് യുവാവ്. ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.