തേനിയിൽ മിനി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം

09:58 AM Dec 28, 2024 | Litty Peter

തമിഴ്നാട്: തേനി പെരിയകുളത്ത് മിനി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. കോട്ടയം കുറവിലങ്ങാട് കുര്യം സ്വദേശികളായ ജെയിൻ തോമസ്, സോണിമോൻ കെ.ജെ, ജോബീഷ് തോമസ് എന്നിവരാണ് മരിച്ചത്. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഷാജി പി ഡി ക്കാണ് ഗുരുതരമായി പരിക്കേറ്റത്. 

ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. വേളാങ്കണ്ണി ദർശനം കഴിഞ്ഞ് ഏർക്കട്ടേക്ക് പോവുകയായിരുന്ന മിനി ബസ് തേനിയിലേക്ക് പോവുകയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ടൂറിസ്റ്റ് ബസിൽ സഞ്ചരിച്ച 18 പേർക്ക് പരുക്ക് പറ്റി. പരുക്കേറ്റവരെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 

അപകടത്തിൽ കാർ പൂർണമായി തകർന്നു. ബസ് റോഡിൽ തല കീഴായി മറിഞ്ഞു. കാറിൽ നാല് പേരാണ് ഉണ്ടായിരുന്നത്. മൂന്ന് പേർ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. മാരുതി ആൾട്ടോ കാറാണ് അപകടത്തിൽപെട്ടത്.