+

ജീവന്‍ രക്ഷിക്കാനുള്ള പാച്ചിലിനിടെ വാനിടിച്ച്‌ മൂന്നു പേര്‍ മരിച്ച സംഭവം; മലയാളിയുടെ തടവുശിക്ഷ ഒഴിവാക്കി

ഒരുജീവൻ രക്ഷിക്കാനുള്ള പരക്കം പാച്ചിലിനിടെ മൂന്നുവഴിയാത്രക്കാർ വാനിടിച്ചു മരിച്ച സംഭവത്തില്‍ മലയാളിയായ വാഹനഉടമയ്ക്കു വിധിച്ച തടവുശിക്ഷ മദ്രാസ് ഹൈക്കോടതി ഇളവുചെയ്തു.

ചെന്നൈ: ഒരുജീവൻ രക്ഷിക്കാനുള്ള പരക്കം പാച്ചിലിനിടെ മൂന്നുവഴിയാത്രക്കാർ വാനിടിച്ചു മരിച്ച സംഭവത്തില്‍ മലയാളിയായ വാഹനഉടമയ്ക്കു വിധിച്ച തടവുശിക്ഷ മദ്രാസ് ഹൈക്കോടതി ഇളവുചെയ്തു.അപകടത്തിന്റെ സാഹചര്യംകൂടി കണക്കിലെടുത്തുവേണം ശിക്ഷാവിധിയെന്ന് ജസ്റ്റിസ് ഡി. ഭരത ചക്രവര്‍ത്തിയുടെ ബെഞ്ച് അഭിപ്രായപ്പെട്ടു.

തമിഴ്‌നാട്ടില്‍ പൊള്ളാച്ചിയിലെ മാര്‍ച്ചിനായിക്കന്‍പാളയത്ത് 2013 ഡിസംബര്‍ ആറിനുണ്ടായ വാഹനാപകടത്തിന്റെ പേരില്‍ വാന്‍ ഓടിച്ച എസ്. ഷാഹുല്‍ ഹമീദിനു വിധിച്ച ഒരു വര്‍ഷം തടവാണ് മദ്രാസ് ഹൈക്കോടതി നാലുദിവസമായി ഇളവുചെയ്തത്. ഇത്രയുംദിവസം നേരത്തേതന്നെ റിമാന്‍ഡില്‍ കിടന്നിട്ടുള്ളതുകൊണ്ട് ഇനി ജയിലില്‍ കഴിയേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.

പാലക്കാട് മീനാക്ഷിപുരത്ത് ആത്മഹത്യയ്ക്കു ശ്രമിച്ച വെങ്കടേഷ് എന്നയാളുമായാണ് ഷാഹുല്‍ ഹമീദ് തന്റെ ഓമ്‌നി വാനില്‍ വന്നത്. പാലക്കാട്ടെ ആശുപത്രിയില്‍ കാണിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്ക് കോയമ്ബത്തൂരിലേക്കു കൊണ്ടുപോകാനായിരുന്നു നിര്‍ദേശം. എത്രയുംപെട്ടെന്ന് ആശുപത്രിയിലെത്തിക്കുന്നതിന് അതിവേഗത്തില്‍ ഓടിച്ച വാന്‍ മാര്‍ച്ചിനായിക്കന്‍ പാളയത്ത് എത്തിയപ്പോള്‍ ഇരുചക്രവാഹനത്തില്‍ ഇടിച്ചു. പെട്ടെന്ന് വെട്ടിച്ചപ്പോള്‍ മൂന്ന് കാല്‍നടയാത്രക്കാരെയും ഇടിച്ചു തെറിപ്പിച്ചു.

കാല്‍ നടയാത്രക്കാര്‍ മൂന്നുപേരും മരിച്ചു. ഇരുചക്രവാഹന യാത്രക്കാര്‍ക്കും പരിക്കേറ്റു.മരണത്തിന് കാരണമാകുംവിധം അശ്രദ്ധമായി വാഹനമോടിച്ചതിന് ഷാഹുല്‍ ഹമീദിനെ തമിഴ്‌നാട് പോലീസ് അറസ്റ്റുചെയ്തു. 2020 ഒക്ടോബര്‍ 22-ന് പൊള്ളാച്ചി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒരുവര്‍ഷം തടവുശിക്ഷയും 20,000 രൂപ പിഴയുംവിധിച്ചു. കോയമ്ബത്തൂര്‍ സെഷന്‍സ് കോടതി 2021 നവംബര്‍ 26-ന് ശിക്ഷ ശരിവെച്ചു. ഇതിനെതിരേ ഷാഹുല്‍ ഹമീദ് നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് മദ്രാസ് ഹൈക്കോടതി അനുകൂലവിധി പുറപ്പെടുവിച്ചത്. അശ്രദ്ധമായി വാഹനമോടിച്ചതിന് 800 രൂപയും ആളപായമുണ്ടാക്കിയതിന് 700 രൂപയും പിഴ അടയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

facebook twitter