+

ഭക്തിസാന്ദ്രമായി കാടാമ്പുഴ ഭഗവതിക്ഷേത്രത്തിലെ തൃക്കാർത്തിക വിളക്കുത്സവം

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക വിളക്കുത്സവം ആഘോഷിച്ചു. കാർത്തികദീപം തെളിക്കാൻ നിരവധി ഭക്തർ ദേവീസന്നിധിയിലെത്തി. ശങ്കരാചാര്യരാണ് ക്ഷേതത്തിലെ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം. അദ്ദേഹത്തിന് പ്രത്യക്ഷമായ ദിവ്യജ്യോതിസ്സിനെ അനുസ്മരിച്ചാണ് കാർത്തികപ്പുലരിയിൽ ഭക്തർ ദീപം തെളിച്ചത്

കാടാമ്പുഴ :  കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക വിളക്കുത്സവം ആഘോഷിച്ചു. കാർത്തികദീപം തെളിക്കാൻ നിരവധി ഭക്തർ ദേവീസന്നിധിയിലെത്തി. ശങ്കരാചാര്യരാണ് ക്ഷേതത്തിലെ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം. അദ്ദേഹത്തിന് പ്രത്യക്ഷമായ ദിവ്യജ്യോതിസ്സിനെ അനുസ്മരിച്ചാണ് കാർത്തികപ്പുലരിയിൽ ഭക്തർ ദീപം തെളിച്ചത്. പൂമൂടലിനുശേഷം, പ്രത്യേകം തയാറാക്കിയ പന്തലിൽ പ്രസാദ ഊട്ട് തുടങ്ങി. 21,000 ഭക്തർ ദേവിയുടെ പിറന്നാൾ സദ്യയിൽ പങ്കെടുത്തതായി ദേവസ്വം അധികൃതർ അറിയിച്ചു. 

രാവിലെ പത്തിനുശേഷം ആരംഭിച്ച പ്രസാദഊട്ട് വൈകിട്ട് നാലരവരെ തുടർന്നു. വൈകിട്ട് മാടമ്പിയാർകാവ് കിരാതമൂർത്തി ക്ഷേത്രത്തിലും കാർത്തിക വിളക്ക് തെളിച്ചു.പുലർച്ചെ 5 മുതൽ നവരാത്രി  മണ്ഡപത്തിൽ കാടാമ്പുഴ ത്വരിതാ മാതൃസമിതിയുടെ നേതൃത്വത്തിൽ നാരായണീയ പാരായണം നടന്നു. തുടർന്ന് ദേവസ്വം ഗീതാപാഠശാല വിദ്യാർഥികളുടെ ഗീതാപാരായണം, സർവൈശ്വര്യ പൂജ, വളാഞ്ചേരി സാമവേദ മ്യൂസിക് അക്കാദമിയുടെ സംഗീതാർച്ചന എന്നിവ ഉണ്ടായി. 

പ്രധാന വേദിയിൽ രാവിലെ 6.30 മുതൽ ഗായകൻ കെ.പി ജിനചന്ദ്രൻ ആൻഡ് ടീമിന്റെ ഭക്തിഗാനമേള, പാലക്കാട് ലിൻഷമോൾ ചന്ദ്രൻ, കൊടുങ്ങല്ലൂർ ശ്രദ്ധരാജ് എന്നിവർ അവതരിപ്പിച്ച ക്ലാസിക്കൽ ഡാൻസ്, ചന്ദനക്കാവ് ശ്രീ ഭദ്രം ടീം, തൃക്കണാപുരം സമന്വയം ഗ്രൂപ്പ്, കാടാമ്പുഴ രുദ്ര, കൊളത്തൂർ ശിവപാർവതി, കുറ്റിപ്പുറം ബ്ലോക്ക് പെൻഷനേഴ്സ് ടീം, കുമ്പിടി ആവണി മങ്കമാർ എന്നിവരുടെ തിരുവാതിരക്കളി, അനിക നായർ അവതരിപ്പിച്ച ഭരതനാട്യം, കാടാമ്പുഴ വരദ ഗ്രൂപ്പിന്റെ ഭക്തിഗാനാർച്ചന എന്നിവ അരങ്ങേറി. രാത്രി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാടാമ്പുഴ യൂണിറ്റ് സമർപ്പിച്ച തിരുവനന്തപുരം വിശ്വഭാവനയുടെ സിനി വിഷ്വൽ സ്റ്റേജ് ഡ്രാമ ഗൗരിശങ്കരവും നടന്നു.
 

facebook twitter