തൃശൂർ: മുക്കുപണ്ടം പണയംവച്ച് പണം തട്ടിയെടുത്ത സഹകരണ ബാങ്ക് മാനേജരുടേയും ഭാര്യയുടേയും സഹോദരിയുടേയും മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി. കാറളം സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ കാവുപ്പാറ ശാഖയുടെ മാനേജർകംകാഷ്യർ കാറളം കാക്കേരി വീട്ടിൽ മോഹനൻ മകൻ ഷൈൻ (50), ഭാര്യ ഷീജ (45), സഹോദരിയും പൂമംഗലം പായമ്മൽ ഐനിക്കൽ രാമദാസ് ഭാര്യയുമായ ലിഷ (46) എന്നവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി തൃശൂർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് പി.പി. സെയ്തലവിയാണ് ഉത്തരവായത്.
2022 ഏപ്രിൽ രണ്ടുമുതൽ 2024 മേയ് മാസം വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയായ ഷൈൻ 428 ഗ്രാം മുക്കുപണ്ടം ഭാര്യയുടേയും സഹോദരിയുടേയും പേരിൽ സ്വർണം പണയംവച്ച് 19,54,000 രൂപ ലോൺ എടുത്ത് ബാങ്കിന് നഷ്ടം വരുത്തുകയായിരുന്നു. ബാങ്കിന്റെ പരാതിയിൽ കാറളം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ സമയത്ത് പ്രതികൾ നഷ്ടം വരുത്തിയ തുക ബാങ്കിൽ തിരിച്ചടച്ച്, പണയംവച്ച മുക്കുപണ്ടം തിരിച്ചെടുത്ത് കേസിൽ നിന്നും രക്ഷപ്പെടുവാൻ ശ്രമിച്ചിരുന്നു.
ഇത്തരത്തിലുള്ള തട്ടിപ്പുകൾ വ്യാപകമാകുന്നതായും കേസിന്റെ അന്വേഷണം സുതാര്യമായ രീതിയിൽ പൂർത്തീകരിക്കുന്നതിന് കസ്റ്റഡിയിലുള്ള അന്വേഷണം ഒഴിവാക്കാനാവാത്തതാണെന്നും വിലയിരുത്തിയാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി. സുനിൽകുമാർ ഹാജരായി