
തൃശ്ശൂർ: തൃശ്ശിവപ്പേരൂരിൽ പൂരാവേശത്തിന് തിരിതെളിഞ്ഞു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തിടമ്പേറ്റി . വടക്കുന്നാഥ സന്നിധിയിലേക്ക് ഇനി ഘടകപൂരങ്ങളുടെ വരവ്. പാറമേക്കാവും തിരുവമ്പാടിയും കാത്തുവെച്ചിരിക്കുന്ന കാഴ്ചകളെന്തൊക്കെയെന്നാണ് പൂരപ്രേമികളൊന്നടങ്കം കാത്തിരിക്കുന്നത്.
12.30-ഓടെ പാറമേക്കാവ് ഭഗവതി പൂരത്തിനായി പുറപ്പെടും. ചെമ്പടയും താണ്ടി രണ്ടുമണിയാകുമ്പോൾ ഇലഞ്ഞിത്തറ മേളത്തിന് ആദ്യതാളം മുഴങ്ങും. അഞ്ചരയോടെ തെക്കേഗോപുരനടയിൽ കുടമാറ്റത്തിന് അരങ്ങൊരുങ്ങും. കുടമാറ്റം കഴിയുമ്പോഴേക്കും രാത്രിപ്പൂരത്തിന്റെ സുന്ദരകാഴ്ചകൾ പിറക്കും. രാത്രി 11-ന് പാറമേക്കാവിന്റെ പഞ്ചവാദ്യം നടക്കും.
ബുധനാഴ്ച പുലർച്ചെ മൂന്നിനാണ് വെടിക്കെട്ട്. പകൽപ്പൂരവും പിന്നിട്ട് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തിരുവമ്പാടി- പാറമേക്കാവ് ഭഗവതിമാർ വടക്കുന്നാഥനെ സാക്ഷിയാക്കി ഉപചാരം ചൊല്ലുന്നതോടെ പൂരം പിരിയും. നെയ്തലക്കാവിലമ്മയെത്തി വടക്കുന്നാഥക്ഷേത്രത്തിന്റെ തെക്കേഗോപുരനട തുറന്നിട്ടതോടെ തൃശ്ശൂർ പൂരത്തിന്റെ ആരവം തുടങ്ങിയിരുന്നു.
തൃശ്ശൂര്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കെഎസ്ആര്‍ടിസിയുടെ പ്രതിദിനസര്‍വീസുകള്‍ക്കു പുറമേ 65 സ്പെഷ്യല്‍ ബസുകള്‍ സര്‍വീസ് നടത്തും. 51 ഫാസ്റ്റും 14 ഓര്‍ഡിനറി ബസുകളും ഉള്‍പ്പെടുന്നതാണ് സ്പെഷ്യല്‍ സര്‍വീസ്. ഫാസ്റ്റിന് മുകളിലുള്ള സര്‍വിസുകള്‍ തൃശ്ശൂര്‍ കെഎസ്ആര് ടിസി ബസ്സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചും ഓര്‍ഡിനറി സര്‍വീസുകള്‍ ശക്തന്‍സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചുമാണ് നടത്തുക. സ്വകാര്യ ബസുകളും സ്പെഷ്യല്‍ സര്‍വീസ് നടത്തും. ടോള്‍ഗേറ്റില്‍ ഉള്‍പ്പെടെ തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.