+

വരാനിരിക്കുന്നത് കർഷകന് സമൂഹത്തിൽ മികച്ച സ്ഥാനവും വിലയുമുള്ള കാലം: മമ്മൂട്ടി

കളമശ്ശേരി മണ്ഡലത്തിൽ കാർഷികോത്സവം ഉദ്ഘാടനം ചെയ്തു, കർഷകന് സമൂഹത്തിൽ മറ്റുള്ളവരോടൊപ്പം സ്ഥാനവും നിലയും വിലയും ഉണ്ടാകുന്ന കാലമാണ് വരാൻ പോകുന്നതെന്ന് നടൻ മമ്മൂട്ടി

കർഷകന് സമൂഹത്തിൽ മറ്റുള്ളവരോടൊപ്പം സ്ഥാനവും നിലയും വിലയും ഉണ്ടാകുന്ന കാലമാണ് വരാൻ പോകുന്നതെന്ന് നടൻ മമ്മൂട്ടി പറഞ്ഞു. കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കളമശ്ശേരി കാർഷികോത്സവത്തിൻ്റെ ഉദ്ഘാടനം  നിർവഹിച്ച് സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

വിവരസാങ്കേതികവിദ്യ എത്ര വളർന്നാലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ കാലമായാലും ആത്യന്തികമായി ബഹുമാനമുള്ളവനായി വരുംകാലത്ത് കാണാൻ പോകുന്നത് കർഷകനെയാണ്. മറ്റുള്ള ഏത് തൊഴിലിനേക്കാളും ഭക്ഷണം ഉല്പാദിപ്പിക്കുന്നവരാണ് സമൂഹത്തിൽ ഏറ്റവും ബഹുമാന്യനെന്നും മമ്മൂട്ടി പറഞ്ഞു. 

kalamassery agricultural festival mammootty

വായു, വെള്ളം എന്നിവ കഴിഞ്ഞാൽ ഏറ്റവും പ്രാധാന്യം ഭക്ഷണത്തിനാണ്. എന്നാൽ നമുക്ക് സ്ഥല പരിമിതിയുണ്ട്. എന്നാൽ ലഭ്യമായ സ്ഥലത്ത് നമ്മൾ തന്നെ ശ്രമിച്ചാൽ നമുക്കുള്ളത് ഉത്പാദിപ്പിക്കാൻ സാധിക്കും. ഓരോരുത്തരിലുമുള്ള കർഷകനെ പുനരിജ്ജീവിപ്പിക്കണം. കാർഷിക താൽപര്യങ്ങളെ പരിപോഷിപ്പിക്കണം. 

ഭക്ഷണസാധനങ്ങൾക്ക് വില കൂടുന്നു എന്നതാണ് പൊതുവേ കേൾക്കുന്ന ഒരു പരാതി. എന്നാൽ ഇതിനൊപ്പം കർഷകർക്ക് ഉൽപ്പന്നങ്ങൾക്ക് ആവശ്യമായ വില ലഭിക്കുന്നില്ല എന്ന പരാതിയുമുണ്ട്. കർഷകർക്കും, സാധനങ്ങൾ വാങ്ങുന്നവർക്കും ഉചിതമായ രീതിയിൽ സാധനങ്ങളുടെ വില നിശ്ചയിച്ച് നൽകാൻ സഹകരണ സംഘങ്ങൾ വഴി സാധിക്കുമെന്നും മമ്മൂട്ടി പറഞ്ഞു.

kalamassery-agricultural-festival-mammootty.1

കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയിലൂടെ കാർഷിക മേഖലയിൽ മികച്ച മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിച്ച വ്യവസായി വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കളമശ്ശേരി എന്നത് പുറത്ത് വ്യവസായ മേഖലയായിട്ടാണ് അറിയപ്പെടുന്നത് എങ്കിലും കാർഷിക മേഖലയ്ക്ക് ഉചിതമായ അന്തരീക്ഷമാണ് മണ്ഡലത്തിലുള്ളത്. കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനാണ്  കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതി മണ്ഡലത്തിൽ നടപ്പിലാക്കി വരുന്നത്.

വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ മാത്രമേ കാർഷിക മേഖലയെ ശക്തിപ്പെടുത്താൻ സാധിക്കുകയുള്ളൂ. അതിന്റെ ഭാഗമായി മണ്ഡലത്തിൽ ആദ്യം ഇറിഗേഷന് വേണ്ടിയാണ് പദ്ധതി അനുവദിച്ചത്. പദ്ധതിയുടെ ഭാഗമായി പെരിയാറിന്റെ കൈവഴികളുടെ നീരൊഴുക്ക് സുഗമമാക്കി. പെരിയാർ കൈവഴികളിൽ അടിഞ്ഞുകൂടിയ എക്കലുകൾ നീക്കം ചെയ്തു. അടുത്തഘട്ടം കർഷകർക്ക് കുറഞ്ഞ പലിശയളവിൽ വായ്പ ലഭ്യമാക്കുകയാണ്. സഹകരണ ബാങ്കുകളുടെ സഹായത്തോടെ ഇതിന് പരിഹാരമായി. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ആവശ്യമായ വില ലഭിക്കുന്നതിന് സഹകരണ സംഘങ്ങൾ വഴി സാധിച്ചു. 17 സഹകരണ ബാങ്കുകളുടെ പിൻബലത്തോടെ 159 സഹകരണ സംഘങ്ങൾ രൂപപ്പെട്ടു. കൃഷിക്കായി ചെറിയ പലിശയിൽ വായ്പയും വിപണിയും സഹകരണ സംഘങ്ങൾ വഴി ഉറപ്പാക്കുന്നുണ്ട്. വിവിധ കാർഷിക വിളകളിലായി 4500 അധികം കർഷകരാണ് ഇതിന് കീഴിൽ വരുന്നത്. ആയിരത്തിലധികം ഏക്കർ തരിശുഭൂമി കൃഷിയിലേക്ക് കൊണ്ടുവരാൻ സാധിച്ചു.

കക്ഷി രാഷ്ട്രീയത്തിന് അതീതമായി സഹകരണ ബാങ്കുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കാർഷിക മേഖലയ്ക്കായി ഒന്നിച്ചുനിന്നു. കലാലയങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളും പദ്ധതിയുടെ ഭാഗമായി.

Time is coming when farmer will have better status and value in society Mammootty

ഒരുകാലത്ത് ഏറെ പ്രസിദ്ധമായിരുന്ന ആലങ്ങാടൻ  ശർക്കര പിന്നീട് നിലച്ചുപോയി. എന്നാൽ 2024 ൽ ആലങ്ങാടൻ ശർക്കര വിപണിയിൽ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. 850 ലാണ് കടുങ്ങല്ലൂരിൽ നെൽകൃഷി ആരംഭിച്ചത്. ഇവിടെ നിന്നുള്ള അരി ഇന്ന് വിപണിയിൽ ലഭ്യമാണ്. തോട്ടത്തിൽ നിന്ന് നേരിട്ട് വിഷരഹിതമായ ഭക്ഷണപദാർത്ഥങ്ങൾ ഉപഭോക്താവിലേക്ക് ലഭിക്കുന്ന അന്തരീക്ഷമാണ് ഇന്ന് നിലനിൽക്കുന്നതനെന്നും മന്ത്രി പറഞ്ഞു.

കാർഷികോത്സവം പദ്ധതിയുടെ ഭാഗമായി കളമശ്ശേരി മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞദിവസം നടത്തിയ വിളവെടുപ്പിൽ മികച്ച രീതിയിലുള്ള വിളവെടുപ്പാണ് നടന്നതെന്നും മന്ത്രി പറഞ്ഞു. 17 സഹകരണ സംഘങ്ങളുടെ സ്റ്റാളുകളാണ് കാർഷികോത്സവം പരിപാടിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഒപ്പം മണ്ഡലത്തിൽ ഉത്പാദിപ്പിച്ച പൊക്കാളി അരി പായസവും കാളാഞ്ചി കൊണ്ടുള്ള പ്രത്യേക വിഭവവും പാചക വിദഗ്ധനായ ഷെഫ് പിള്ളയുടെ നേതൃത്വത്തിൽ  കേരളോത്സവം പരിപാടിയുടെ ഭാഗമായി പൊതുജനങ്ങൾക്കായി ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

kalamassery-agricultural-festival-mammootty4.jpg

സൗത്ത് കളമശ്ശേരി ടിവിഎസ് ജംഗ്ഷനിൽ നടന്ന പരിപാടിയിൽ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, പാചക വിദഗ്ധൻ ഷെഫ്‌ പിള്ള എന്നിവർ മുഖ്യാതിഥികളായി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രമ്യ തോമസ്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി വി പ്രദീഷ്, എലൂർ നഗരസഭ ചെയർമാൻ എ ഡി സുജിൽ, കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് മുട്ടത്തിൽ, ആലങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് പി എം മനാഫ്, കരുമാലൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീലത ലാലു, കുന്നുകര പഞ്ചായത്ത് പ്രസിഡൻ്റ് സൈന ബാബു, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ യേശുദാസ് പറപ്പിള്ളി, കെ വി രവീന്ദ്രൻ, നീറിക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എം കെ ബാബു, ഏലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ഇ കെ സേതു, കളമശ്ശേരി സഹകരണ ബാങ്ക് പ്രസിഡൻ്റ് അനില ജോജോ, വെളിയത്തുനാട് സഹകരണ ബാങ്ക് പ്രസിഡൻ്റ് എസ് പി ജയരാജ്, കളമശ്ശേരി നഗരസഭ വാർഡ് കൗൺസിലർ എ കെ നിഷാദ്, കൃഷിക്കൊപ്പം കളമശ്ശേരി ജനറൽ കൺവീനർ എം പി വിജയൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബിൻസി എബ്രഹാം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

kalamassery-agricultural-festival-mammootty.6.jpg

facebook twitter