ന്യൂഡൽഹി : നാല് യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനും (ഇ.എഫ്.ടി.എ) ഇന്ത്യയും തമ്മിൽ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാർ ഒക്ടോബർ ഒന്നിന് നിലവിൽവരും. വ്യാപാരം, സുസ്ഥിര വികസനം എന്നിവയുടെ കാര്യത്തിൽ നിയമപരമായി ബാധ്യതയുള്ള വ്യവസ്ഥകൾ കരാറിൽ ഉണ്ടാകുമെന്ന് സ്വിറ്റ്സർലൻഡ് അറിയിച്ചു. സ്വതന്ത്ര വ്യാപാര കരാറിൽ ഈ വിഷയങ്ങളിൽ ആദ്യമായാണ് ഇന്ത്യ ഈ വ്യവസ്ഥകൾ ഉൾപ്പെടുത്തുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു.
ഐസ്ലൻഡ്, ലേക്റ്റിൻസ്റ്റൈൻ, നോർവേ, സ്വിറ്റ്സർലൻഡ് എന്നിവയാണ് ഇ.എഫ്.ടി.എ അംഗരാജ്യങ്ങൾ. കഴിഞ്ഞ വർഷം മാർച്ച് 10നാണ് ഇരുകൂട്ടരും വ്യാപാര, സാമ്പത്തിക പങ്കാളിത്ത കരാറിൽ (ടി.ഇ.പി.എ) ഒപ്പുവെച്ചത്. കരാറനുസരിച്ച്, 15 വർഷത്തിനകം ഏകദേശം ഒമ്പത് ലക്ഷം കോടി രൂപയുടെ നിക്ഷേപം കൂട്ടായ്മയിലെ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിൽ എത്തും. ഇതുവഴി 10 ലക്ഷം പ്രത്യക്ഷ തൊഴിലവസരങ്ങൾ ഇന്ത്യയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പകരം ഈ രാജ്യങ്ങളിലെ ഉൽപന്നങ്ങൾക്ക് ഇന്ത്യൻ വിപണി തുറന്നുനൽകും. സ്വിസ് വാച്ചുകൾ, ചോക്കലേറ്റുകൾ, വജ്രങ്ങൾ എന്നിവ കുറഞ്ഞ തീരുവ നിരക്കിലോ തീരുവ ഇല്ലാതെയോ ഇന്ത്യയിലെത്തും. സ്വർണമൊഴികെ സ്വിറ്റ്സർലൻഡ് കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങളിൽ 94.7 ശതമാനത്തിനും ഇന്ത്യയിൽ അവസരം ലഭിക്കും. മരുന്നുകൾ, യന്ത്രങ്ങൾ, വാച്ചുകൾ, സംസ്കരിച്ച കാർഷികോൽപന്നങ്ങൾ തുടങ്ങിയവയാണ് ഇന്ത്യൻ വിപണിയിലെത്തുക.