ന്യൂഡല്‍ഹി: രാജ്യത്തെ 120 കോടിയോളം വരുന്ന മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ആശ്വാസവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ കൊണ്ടുവന്ന നിയന്ത്രണം പ്രാബല്യത്തിലേക്ക്. മൊബൈല്‍ സേവനം ലഭ്യമാകാന്‍ മാസം നിശ്ചിത തുകയ്ക്ക് നിര്‍ബന്ധമായി റീചാര്‍ജ് ചെയ്യണമെന്ന മൊബൈല്‍ കമ്പനികളുടെ ആവശ്യം ഇനി നടപ്പില്ല.
ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന സാധാരണക്കാരായ ഉപയോക്താക്കള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ വര്‍ഷം മുഴുവന്‍ വാലിഡിറ്റി ലഭിക്കുന്ന രീതിയില്‍ റീചാര്‍ജ് സംവിധാനം ഒരുക്കണമെന്നാണ് ട്രായിയുടെ നിര്‍ദ്ദേശം. ഇതുപ്രകാരം 10 രൂപയുടെ റീചാര്‍ജ് ചെയ്താല്‍ പോലും ഒരു വര്‍ഷം വാലിഡിറ്റി ലഭിക്കും. വോയ്സ് കോള്‍, എസ്എംഎസ് എന്നിവ മാത്രമേ ഇതിലൂടെ ലഭ്യമാകൂ. ഡാറ്റ ഉപയോഗിക്കുന്നവര്‍ ഇപ്പോള്‍ നിലവിലുള്ള റീചാര്‍ജ് സംവിധാനം തുടരേണ്ടിവരും.
നിലവില്‍ മാസം കുറഞ്ഞത് 200 രൂപയോളം റീചാര്‍ജ് ചെയ്താല്‍ വാലിഡിറ്റിയും സൗജന്യ കോളും ഡാറ്റയും നല്‍കുന്നതാണ് കമ്പനികളുടെ രീതി. ഇതോടെ ഒരു സിം വര്‍ഷം മുഴുവന്‍ നിലനിര്‍ത്തണമെന്ന് ആഗ്രഹമുള്ളവരും ഇത്രയും തുകയ്ക്ക് റീചാര്‍ജ് ചെയ്യേണ്ടതുണ്ട്. ഇത്, ഡാറ്റ ഉപയോഗിക്കാത്ത നിര്‍ധനരേയും മുതിര്‍ന്ന പൗരന്മാരേയുമെല്ലാം ബാധിക്കുന്നുണ്ടെന്ന് മനസിലാക്കിയാണ് ട്രായ് പുതിയ നിയമവുമായെത്തിയത്.
റിലയന്‍സ് ജിയോ, എയര്‍ടെല്‍, ബിഎസ്എന്‍എല്‍, ഐഡിയ വൊഡാഫോണ്‍ എന്നീ കമ്പനികള്‍ക്കെല്ലാം ട്രായിയുടെ നിര്‍ദ്ദേശം ബാധകമാണ്. ടെലികോം കമ്പനികളെല്ലാം ഉപയോക്താക്കളുടെ വോയ്സ് കോളിംഗിനും എസ്എംഎസ് ആവശ്യങ്ങള്‍ക്കും മാത്രമായി പ്രത്യേക താരിഫ് വൗച്ചറുകള്‍ (എസ്ടിവി) അവതരിപ്പിക്കേണ്ടതുണ്ട്.
അവധിക്കെത്തിയാല്‍ മാത്രം ഉപയോഗിക്കുന്ന ഫോണ്‍ വര്‍ഷം മുഴുവന്‍ റീചാര്‍ജ് ചെയ്യേണ്ട അവസ്ഥയാണ് പ്രവാസികളും മറ്റും നേരിടേണ്ടിവരുന്നത്. പുതിയ നിയമത്തോടെ 10 രൂപയുടെ റീചാര്‍ജ് ചെയ്താല്‍ വര്‍ഷം മുഴുവന്‍ വാലിഡിറ്റി ലഭിക്കും. മാത്രമല്ല, ഡ്യുവല്‍ സിം ഉപയോഗിക്കുന്നവര്‍ക്കും ഇപ്പോഴത്തെ നിര്‍ദ്ദേശം ആശ്വാസകരമാണ്.