
മലപ്പുറം: മലപ്പുറം ജില്ലയിൽ ആദിവാസി വയോധികന് നേരെ കരടിയുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ വയോധികനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരുളായിയിലെ മുണ്ടക്കടവ് ഉന്നതിയിൽ താമസിക്കുന്ന ശങ്കരൻ എന്നയാൾക്കാണ് പരിക്കേറ്റത്. വനത്തിൽ പച്ചമരുന്നുകൾ ശേഖരിക്കുന്നതിനായി പോയപ്പോഴാണ് ശങ്കരന് നേരെ കരടിയുടെ ആക്രമണം ഉണ്ടായത്.
അപ്രതീക്ഷിത ആക്രമണത്തിൽ വയോധികൻ്റെ രണ്ട് കൈകളിലും കരടി കടിക്കുകയും സാരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. പരിക്കേറ്റ ശങ്കരൻ നിലവിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്ത് വന്യമൃഗങ്ങളുടെ സാന്നിധ്യം വർധിക്കുന്നതിലുള്ള ആശങ്ക ഈ സംഭവത്തോടെ ശക്തമായി.