വാഴയുടെ കൈ വെട്ടിയെന്നാരോപിച്ച് കാസർഗോഡ് ആദിവാസി യുവാവിന് നേരെ ആക്രമണം

06:55 PM May 04, 2025 | Kavya Ramachandran

കാസർഗോഡ് : എളേരിത്തട്ട് വാഴയുടെ കൈ വെട്ടിയെന്നാരോപിച്ച് ആദിവാസി യുവാവിന് നേരെ ആക്രമണം. സ്ത്രീകൾ ഉൾപ്പെടെ നാല് പേർക്കെതിരെ പട്ടികജാതി പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരം ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തു. മയിലുവള്ളി സ്വദേശിയായ 32 കാരൻ്റെ പരാതിയിൽ എളേരിത്തട്ടിൽ കട നടത്തുന്ന റജി, രേഷ്മ, രതീഷ്, നിധിന എന്നിവർക്കെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്. മർദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.


എളേരിത്തട്ടിൽ വെച്ച് യുവാവിനെ തടഞ്ഞു നിർത്തി വടി കൊണ്ട് അടിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു. തുടർന്ന് റജിയുടെ കടയിലെത്തിച്ച് നിലത്തിട്ട് ചവിട്ടി മുഖത്ത് തുപ്പിയെന്നുമാണ് പരാതി. തൊട്ടടുത്ത പറമ്പിൽ ജോലി ചെയ്യുന്നതിനിടെ റജിയുടെ പറമ്പിലെ വാഴയുടെ കൈ യുവാവ് വെട്ടിയതിൻ്റെ വിരോധത്തെ തുടർന്നാണ് ആക്രമിച്ചത്. കാസർകോട് എസ്.എം എസ് ഡി. വൈ. എസ്. പി ക്ക് കേസ് കൈമാറും.