+

ബാബരി മസ്ജിദ് നിർമാണത്തിന് തറക്കല്ലിടുമെന്ന് പ്രഖ്യാപിച്ച് വിവാദത്തിലായി : തൃണമൂൽ എം.എൽ.എക്ക് സസ്പെൻഷൻ

ബാബരി മസ്ജിദ് നിർമാണത്തിന് തറക്കല്ലിടുമെന്ന് പ്രഖ്യാപിച്ച് വിവാദത്തിലായി : തൃണമൂൽ എം.എൽ.എക്ക് സസ്പെൻഷൻ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബെൽദംഗയിൽ പുതിയ ബാബരി മസ്ജിദ് നിർമാണത്തിന് തറക്കല്ലിടുമെന്ന് പ്രഖ്യാപിച്ച് വിവാദത്തിലായ തൃണമൂൽ കോൺഗ്രസ് എം.എൽ.എ ഹുമയൂൺ കബീറിനെ സസ്പെൻഡ് ചെയ്ത് പാർട്ടി.

ബാബരി മസ്ജിദ് തകർത്തതിന്റെ വാർഷിക ദിനമായ ഡിസംബർ ആറിന് തറക്കല്ലിടുമെന്ന മുൻ ഐ.ജി കൂടിയായ ഹുമയൂൺ കബീറിന്റെ പ്രഖ്യാപനം വിവാദമായിരുന്നു. അഞ്ചു വർഷം മുമ്പ് തൃണമൂലിൽ ചേർന്ന ഇദ്ദേഹം ഭരത്പൂരിൽനിന്നുള്ള എം.എൽ.എയാണ്. 2021 മുതൽ 22വരെ മന്ത്രിയുമായിരുന്നു.

സംസ്ഥാനത്ത് സമാധാനവും സാമുദായിക ഐക്യവും നിലനിർത്താൻ പാർട്ടി ശ്രമിച്ചുകൊണ്ടിരിക്കെ ഹുമയൂൺ കബീറിന്റെ പെരുമാറ്റം കടുത്ത അച്ചടക്ക ലംഘനമാണെന്ന് മുതിർന്നനേതാവ് ഫിർഹാദ് ഹക്കീം സസ്‌പെൻഷൻ പ്രഖ്യാപിച്ച് പറഞ്ഞു.

സസ്പെൻഷൻ വാർത്ത പുറത്തുവരുമ്പോൾ ബഹറാംപൂരിലെ ജില്ല ആസ്ഥാനത്ത് മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലെ എസ്‌.ഐ.ആർ വിരുദ്ധ റാലിയുടെ വേദിയിലായിരുന്നു ഹുമയൂൺ കബീർ. റാലിയിലേക്ക് ക്ഷണിച്ചതിനു ശേഷമുള്ള സസ്‌പെൻഷൻ മനഃപൂർവം അപമാനിക്കലാണെന്ന് ഹുമയൂൺ കബീർ പറഞ്ഞു.

facebook twitter