ഓൺലൈൻ തട്ടിപ്പ് കേസുകൾ ദിനംപ്രതി വർധിച്ചുവരികയാണ്. അതിനാൽ തന്നെ പലർക്കും ഇതൊരു ഒഴിയാത്ത തലവേദനയായി തീർന്നിട്ടുണ്ട്. സാങ്കേതികവിദ്യ വളരുന്നതിനനുസരിച്ച് ഓൺലൈൻ തട്ടിപ്പുകളും മുമ്പത്തേക്കാൾ ആധുനികവും ബുദ്ധിപരവുമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ, തങ്ങളുടെ ഉപഭോക്താക്കൾക്കായി പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ട്രൂകോളർ.
മെസേജ് ഐഡി എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഇൻ ബോക്സ് സ്‌കാൻ ചെയ്ത് ഒടിപികൾ, ഡെലിവറി അപ്ഡേറ്റുകൾ, ടിക്കറ്റ് ബുക്കിങ് സ്റ്റാറ്റസ് ഉൾപ്പടെയുള്ള സന്ദേശങ്ങൾ തിരിച്ചറിയാൻ ട്രൂകോളറിന് സാധിക്കും. ഉപഭോക്താവിന് ആവശ്യമുള്ള ഈ സന്ദേശങ്ങൾ പച്ച നിറത്തിലുള്ള ചെക്ക് മാർക്ക് ഉൾപ്പെടുത്തിയാണ് ഇൻബോക്സിൽ കാണിക്കുക.
ഇന്ത്യയെ കൂടാതെ 30 രാജ്യങ്ങളിൽ മെസേജ് ഐഡി ഫീച്ചർ ട്രൂകോളർ അവതരിപ്പിച്ചിട്ടുണ്ട്. എഐ ലാർജ് ലാംഗ്വേജ് മോഡലുകളാണ് എസ്എംഎസ് ഇൻബോക്സ് സ്‌കാൻ ചെയ്യുന്നതിനായി ഉപയോഗിക്കുന്നത്. ഓൺ ഡിവൈസ് പ്രൊസസിങ് ആയിരിക്കും ഇതെന്ന് കമ്പനി പറയുന്നു. അതായത് എസ്എംഎസ് സ്‌കാനിങ് പ്രക്രിയ പൂർണമായും ഫോണിൽ തന്നെയാണ് നടക്കുക. അതുകൊണ്ടു തന്നെ ഉപഭോക്താക്കളുടെ ഡേറ്റ സുരക്ഷിതമാണെന്നും ട്രൂകോളർ പറയുന്നു.