വ്യാപാരം നിര്‍ത്തുമെന്ന് പറഞ്ഞതോടെയാണ് വെടിനിര്‍ത്തല്‍ സാധ്യമായതെന്ന് ട്രംപ് ; പുതിയ അവകാശ വാദം തള്ളി ഇന്ത്യ

07:37 AM May 13, 2025 |


ഇന്ത്യ - പാകിസ്ഥാന്‍ വെടിനിര്‍ത്തലില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ അവകാശവാദം തള്ളിക്കളഞ്ഞ് ഇന്ത്യ. അമേരിക്കയുടെ ഇടപെടല്‍ മൂലമാണ് ഇന്ത്യ - പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ യാഥാര്‍ത്ഥ്യമായതെന്നും ആണവയുദ്ധമാണ് ഒഴിവാക്കിയതെന്നും വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞതോടെയാണ് ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ അംഗീകരിച്ചതെന്നുമായിരുന്നു ട്രംപിന്റെ പുതിയ അവകാശവാദം. 

എന്നാല്‍ ട്രംപിന്റെ അവകാശവാദം ഇന്ത്യ തള്ളിക്കളഞ്ഞു. അമേരിക്കയുമായുള്ള സംഭാഷണത്തില്‍ ഒരുഘട്ടത്തിലും വ്യാപാരത്തെക്കുറിച്ച് പരാമര്‍ശമുണ്ടായില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഇപ്പോള്‍ വെടിനിര്‍ത്തലിലെത്തിയില്ലെങ്കില്‍ വ്യാപാരം നിര്‍ത്തുമെന്ന് ഇരുരാജ്യങ്ങളോടും പറഞ്ഞെന്ന ട്രംപിന്റെ അവകാശവാദം തെറ്റാണെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സുമായി വിദേശകാര്യമന്ത്രി നടത്തിയ ചര്‍ച്ചകളില്‍ വ്യാപാരത്തെക്കുറിച്ച് ഒരു പരാമര്‍ശവുമുണ്ടായില്ലെന്നും ഇന്ത്യ വിവരിച്ചു.

നേരത്തെ ഇന്ത്യ - പാക് സംഘര്‍ഷം പരിഹരിക്കാന്‍ ഇടപെട്ട വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിനും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയ്ക്കും നന്ദിയറിച്ചുകൊണ്ടാണ് ട്രംപ് പുതിയ അവകാശവാദം മുന്നോട്ടുവച്ചത്. വൈറ്റ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തിലായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. ഇപ്പോള്‍ വെടിനിര്‍ത്തലിലെത്തിയില്ലെങ്കില്‍ വ്യാപാരം നിര്‍ത്തുമെന്ന് ഇരുരാജ്യങ്ങളോടും പറഞ്ഞെന്നും ഇതാണ് സമാധാനത്തിന് കാരണമായതെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഇന്ത്യ - പാക് സംഘര്‍ഷം ആണവയുദ്ധത്തിലേക്ക് നീങ്ങുമായിരുന്നെന്നും അമേരിക്കയുമായുള്ള വ്യാപാരം തുടരണമെങ്കില്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെന്നും ട്രംപ് വിശദീകരിച്ചു.