ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ സാധ്യമായ സൈനിക ഇടപെടലിന് തയ്യാറെടുക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുദ്ധ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെ മറുപടിയുമായി നൈജീരിയന്‍ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു.മതപരമായി അസഹിഷ്ണുതയുള്ള രാജ്യമായി നൈജീരിയയെ ചിത്രീകരിക്കുന്നതിനെ അദ്ദേഹം എതിര്‍ത്തു.
നൈജീരിയയെ മതപരമായി അസഹിഷ്ണുതയുള്ളതായി ചിത്രീകരിക്കുന്നത് നമ്മുടെ ദേശീയ യാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നില്ല, കൂടാതെ എല്ലാ നൈജീരിയക്കാരുടെയും വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള സര്‍ക്കാരിന്റെ സ്ഥിരവും ആത്മാര്‍ത്ഥവുമായ ശ്രമങ്ങളെ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളിലുമുള്ള പൗരന്മാരെ സംരക്ഷിക്കുന്നതിന് ഭരണഘടനാ ഉറപ്പുകള്‍ ഉള്ള ഒരു രാജ്യമാണ് നൈജീരിയയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ മതവിഭാഗങ്ങളിലെയും സമൂഹങ്ങളുടെ സംരക്ഷണം സംബന്ധിച്ച ധാരണയും സഹകരണവും വര്‍ദ്ധിപ്പിക്കുന്നതിന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് സര്‍ക്കാരുമായും അന്താരാഷ്ട്ര സമൂഹവുമായും പ്രവര്‍ത്തിക്കാന്‍ ഞങ്ങളുടെ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്ച സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് നൈജീരിയയില്‍ ക്രിസ്തുമതം നിലനില്‍പ്പ് ഭീഷണി നേരിടുന്നുണ്ടെന്ന് ട്രംപ് പറഞ്ഞത്. കൂട്ടക്കൊലയ്ക്ക് തീവ്ര ഇസ്ലാമിസ്റ്റുകളാണ് ഉത്തരവാദികളെന്നും അദ്ദേഹം ആരോപിച്ചു. നൈജീരിയന്‍ സര്‍ക്കാര്‍ ക്രിസ്ത്യാനികളെ കൊല്ലുന്നത് തുടര്‍ന്നും അനുവദിക്കുകയാണെങ്കില്‍, യുഎസ്എ നൈജീരിയയ്ക്കുള്ള എല്ലാ സഹായങ്ങളും ഉടനടി നിര്‍ത്തലാക്കും. നൈജീരിയയില്‍ കടന്ന് ഭീകരമായ ക്രൂരതകള്‍ ചെയ്യുന്ന ഇസ്ലാമിക ഭീകരരെ പൂര്‍ണ്ണമായും തുടച്ചുനീക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.