അമേരിക്കയിൽ മരുന്നുകളുടെ വില കുറക്കാൻ ഒരുങ്ങി ട്രംപ്

08:41 PM May 13, 2025 |


വിദേശ വിലയ്ക്ക് തുല്യമായി മരുന്നുകളുടെ വില കുറയ്ക്കാൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് നിർദ്ദേശം നൽകുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിൽ മരുന്നുകളുടെ വില കുറക്കാൻ പ്രസിഡന്റ് ട്രംപ് നടത്തുന്ന നീക്കം ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും മരുന്നു വില കൂടുന്നതിനും ഫാർമസ്യൂട്ടിക്കൽ മേഖലയിൽ പ്രതിസന്ധി വളർത്തുന്നതിനും ഇടയാക്കുമെന്ന് സൂചന.

ട്രംപിന്റെ ‘കുറഞ്ഞ വില തന്ത്രം’ നടപ്പായാൽ ഇന്ത്യയിൽ മരുന്നുകളുടെ വില കൂട്ടാൻ കമ്പനികൾക്ക് മേൽ ആഗോള സമ്മർദ്ദം രൂക്ഷമായേക്കും. മരുന്നുകളുടെ ആഗോള വിലയെ താരതമ്യം ചെയ്ത് ഏറ്റവും കുറഞ്ഞ വിലയിൽ അമേരിക്കയിലേക്ക് ഇറക്കുമതി അനുവദിക്കുന്നതാണ് ട്രംപിന്റെ പുതിയ ഉത്തരവ്.

ഇതോടെ ഇന്ത്യ പോലുള്ള കയറ്റുമതി രാജ്യങ്ങൾക്ക് കുറഞ്ഞ വിലയിൽ അമേരിക്കയിൽ മരുന്ന് വിൽക്കുകയോ മരുന്നുകളുടെ വില ഉയർത്തുകയോ ചെയ്യേണ്ടി വരും. കമ്പനികളുടെ ലാഭത്തിന് വെല്ലുവിളി ഉയർത്തുന്ന ട്രംപിന്റെ പ്രഖ്യാപനം വന്നതോടെ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ഓഹരി വിലകൾ ഇടിഞ്ഞു. ബിഎസഇയിൽ ഇന്ന് ഇതര സെക്ടറുകളെല്ലാം ഉയർന്നപ്പോൾ ഫാർമസ്യൂട്ടികൾ കമ്പനികൾ ചുവപ്പിലായി.