+

ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങി ട്രംപ്

ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങി ട്രംപ്

വാഷിങ്ടൺ: വ്യാപാര ചർച്ച അനിശ്ചിതമായി നീളുന്നതിനിടെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവേയാണ് ഇന്ത്യ സന്ദർശനത്തെ കുറിച്ച് അദ്ദേഹം സൂചന നൽകിയത്. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേ​ന്ദ്ര മോദി ക്ഷണിച്ചതായി ട്രംപ് പറഞ്ഞു.

മോദിയെ നല്ല സുഹൃത്തെന്നും നല്ല മനുഷ്യനെന്നും വിശേഷിപ്പിച്ച ട്രംപ്, റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയതായും അവകാശപ്പെട്ടു. അതേസമയം, ഇന്ത്യക്കെതിരെ യു.എസ് പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവ എടുത്തുമാറ്റുന്നതിനെ കുറിച്ച് ട്രംപ് വ്യക്തമായൊന്നും പറഞ്ഞില്ല.

‘‘അദ്ദേഹം (പ്രധാനമന്ത്രി മോദി) റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് മിക്കവാറും നിർത്തി. അദ്ദേഹം എന്റെ ഒരു സുഹൃത്താണ്, ഞങ്ങൾ സംസാരിക്കാറുണ്ട്. ഞാൻ ഇന്ത്യ സന്ദർശിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. അതിനെ കുറിച്ച് ഞങ്ങൾ ആലോചിക്കുന്നുണ്ട്. ഞാൻ പോകും. പ്രധാനമന്ത്രി മോദി ഒരു നല്ല മനുഷ്യനാണ്, ഞാൻ പോകും" - ട്രംപ് പറഞ്ഞു. അടുത്ത വർഷം ഇന്ത്യയിലേക്ക് പോകാൻ പദ്ധതിയുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം ‘അതെ’ എന്ന് ഉത്തരം നൽകി.

ഈ മാസം ക്വാഡ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ നേരത്തെ പദ്ധതിയിട്ടിരുന്നു. എന്നാൽ ഇന്ത്യയും യു.എസും തമ്മിലുള്ള വ്യാപാര കരാർ അനിശ്ചിതമായി നീളുന്നതിന്റെ പശ്ചാത്തലത്തിൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇന്ത്യ, യു.എസ്, ജപ്പാൻ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ്.

facebook twitter