
തീരുവയിലെ അഭിപ്രായ ഭിന്നത മുറുകവേ യുക്രൈന് യുദ്ധം മോദിയുടെ യുദ്ധമെന്ന ഗുരുതര ആരോപണം ഉന്നയിച്ച് അമേരിക്ക. ഡോണള്‍ഡ് ട്രംപിന്റെ വാണിജ്യ ഉപദേഷ്ടാവ് പീറ്റര്‍ നവാറോ ആണ് മോദിയാണ് യുദ്ധം നടത്തുന്നതെന്ന വിചിത്ര ആരോപണം ഉന്നയിച്ചത്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ നിലവില്‍ വന്നതിന് ശേഷം ഇന്ത്യ - യു എസ് ബന്ധം കൂടുതല്‍ ഉലയുന്നു എന്ന് സൂചിപ്പിക്കുന്ന പ്രസ്താവനയാണ് ട്രംപിന്റെ വാണിജ്യ ഉപദേഷ്ടാവ് നടത്തിയിരിക്കുന്നത്. റഷ്യ യുദ്ധം ചെയ്യുന്നത് പ്രധാനമായും ഇന്ത്യയില്‍ നിന്ന് കിട്ടുന്ന പണം കൊണ്ടാണ്. അതിനാല്‍ യുക്രൈനിലെ നാശനഷ്ടത്തിന്റെ ഉത്തരവാദിത്തം ഇന്ത്യയ്ക്കാണ്. ഇത് മോദിയുടെ യുദ്ധമാണെന്നും ഒരു അഭിമുഖത്തില്‍ പീറ്റര്‍ നവാറോ പറഞ്ഞു.
റഷ്യന്‍ പ്രസിഡന്റ് പുടിന്റെ യുദ്ധമല്ലേ എന്ന ചോദ്യം ഉയര്‍ന്നെങ്കിലും അല്ല മോദിയുടെ യുദ്ധം എന്ന് വൈറ്റ് ഹൗസ് സാമ്പത്തിക ഉപദേഷ്ടാവ് ആവര്‍ത്തിച്ചു. 50 ശതമാനം തീരുവ വന്നിട്ടും ഇന്ത്യ കുലുങ്ങാത്തതിനാല്‍ ട്രംപ് ഭരണകൂടം അസ്വസ്ഥരാകുന്നു എന്നാണ് ഇത് നല്കുന്ന സൂചന. അമേരിക്ക തീരുവ ഉയര്‍ത്തിയ സാഹചര്യം നേരിടാന്‍ കൂടുതല്‍ രാജ്യങ്ങളിലേക്കുളള കയറ്റുമതി ഉയര്‍ത്താനുള്ള വഴികള്‍ ഇന്ത്യ തേടുകയാണ്.