+

ട്രംപിന്റെ സൗദി സന്ദര്‍ശനം, ഒപ്പിട്ടത് 30,000 കോടി ഡോളറിന്റെ കരാറുകള്‍

സന്ദര്‍ശനത്തിന്റെ ആദ്യ ദിവസം നിരവധി കരാറുകളിലും ധാരണാപത്രങ്ങളിലും ഉഭയകക്ഷി സാമ്പത്തിക പങ്കാളിത്ത രേഖയിലുമാണ് ഇരു നേതാക്കളും ഒപ്പുവെച്ചത്.

പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനിടെ അമേരിക്കയും സൗദി അറേബ്യയും തമ്മില്‍ ഒപ്പിട്ട കരാറുകളുടെ ആകെ മൂല്യം 30,000 കോടി ഡോളര്‍. സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. അവശേഷിക്കുന്ന കരാറുകള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ സംയുക്ത നിക്ഷേപങ്ങളുടെ മൂല്യം ഒരു ലക്ഷം കോടി ഡോളറാവും.

സന്ദര്‍ശനത്തിന്റെ ആദ്യ ദിവസം നിരവധി കരാറുകളിലും ധാരണാപത്രങ്ങളിലും ഉഭയകക്ഷി സാമ്പത്തിക പങ്കാളിത്ത രേഖയിലുമാണ് ഇരു നേതാക്കളും ഒപ്പുവെച്ചത്. ഇരുവരുടെയും അധ്യക്ഷതയില്‍ ചൊവ്വാഴ്ച വൈകിട്ട് നടന്ന സൗദി-യു.എസ് ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തിനിടയിലായിരുന്നു ഒപ്പിടല്‍. സൗദി സായുധസേനയെ വികസിപ്പിക്കുന്നതിനും ആധുനികവല്‍ക്കരിക്കുന്നതിനുമുള്ളതാണ് ഒരു കരാര്‍. 14,200 കോടി ഡോളറിന്റേതാണ് ഈ പ്രതിരോധ കരാറുകള്‍. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഇതുവരെയുണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ പ്രതിരോധ കരാറാണ് ഇത്. 12 അമേരിക്കന്‍ സൈനിക കമ്പനികള്‍ സൗദി അറേബ്യക്ക് ഏറ്റവും പുതിയ ആയുധങ്ങള്‍ നല്‍കും. 
സൗദി സായുധ സേനയുടെ ശേഷി വികസിപ്പിക്കാനുള്ള തീവ്ര പരിശീലനവും കരാറിന്റെ ഭാഗമാണ്. സൗദി നാഷനല്‍ ഗാര്‍ഡിന്റെ കര, വ്യോമ സംവിധാനങ്ങള്‍ക്കുള്ള വെടിമരുന്ന്, പരിശീലനം, പിന്തുണാസേവനങ്ങള്‍, അറ്റകുറ്റപ്പണികള്‍, സംവിധാനങ്ങളുടെ ആധുനികവല്‍ക്കരണം, സ്‌പെയര്‍ പാര്‍ട്സ്, സൈനിക വിദ്യാഭ്യാസം എന്നിവ ഒരുക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള കരാറുകളും ഇതിലുള്‍പ്പെടും. കൂടാതെ സൗദി സായുധ സേനയുടെ ആരോഗ്യശേഷി വികസനം സംബന്ധിച്ച പ്രതിരോധ മന്ത്രാലയങ്ങള്‍ തമ്മില്‍ ധാരണാപത്രമുണ്ടാക്കിയിട്ടുണ്ട്.

facebook twitter