ഇന്ന് തുലാം പത്ത് ; മഴയുത്സവമാക്കിയ പത്താമുദയം,തെയ്യക്കാവുകൾ ഉണരുന്നു

09:30 AM Oct 27, 2025 |


കണ്ണൂർ :ഇടവപ്പാതിയോടെ നടയടച്ചാണ് തുലാം പത്ത് പിറക്കുന്നതാണ് കാലങ്ങളായി കണ്ടുവരുന്നതെങ്കിൽ ഇക്കുറി ന്യൂനമർദ്ദനത്തെ തുടർന്നുണ്ടായ കാലവസ്ഥാ വ്യതിയാനം കനത്ത മഴയുടെ അകമ്പടിയോടെയാണ് വടക്കെ മലബാറിലെ തുലാം പത്തിനെ വരവേറ്റത്.തെയ്യക്കാവുകളിൽ പത്താമുദയപൂജ അനിവാര്യമായ ഒരനുഷ്ഠാനമായതിനാൽ ഇക്കുറിയും ഒന്നിനും ഒരു കുറവുണ്ടായിരുന്നില്ല. കന്നി മാസത്തിൽ നിഷിദ്ധമായ വിവാഹം പോലു ള്ള മംഗള കർമ്മങ്ങൾ തുലാം ഒന്ന് മുതൽ  തുടങ്ങും. പത്താമുദയത്തിന് വിത്തിടലാണ്.

ഇന്ന് തുലാം പത്തെന്നു അറിയപ്പെടുന്ന പത്താമുദയമാണ്. കന്നി കൊയ്ത്ത് കഴിഞ്ഞുള്ള കാർഷിക ആഘോഷം. സൂര്യനെ ആരാധിക്കുന്ന ദിനം. സൂര്യൻ ഏറ്റവും ബലവാനായി വരുന്നത് ഈ ദിവസമാണ്. കൃഷിക്കാർക്ക്  പ്രധാനപ്പെട്ട ഒരു ദിവസമാണിത്. വടക്കെ മലബാറിൽ ഇനി തെയ്യക്കാലമാണ്.  കളിയാട്ടം എന്നത് ഒരു ഉത്സവം എന്നതിൽ ഉപരി ഒരു ഒത്തുചേരൽ ആണ്.മുതിർന്ന തലമുറ മുതൽ പിഞ്ചുകുട്ടികൾ വരെ ഇതിന്റെ ഒരു ഭാഗമാകുന്നു. ഒന്നിച്ചു കൂടിയിട്ടുള്ള ഭക്ഷണം പാകം ചെയ്യൽ ,പൊട്ടൻ തെയ്യത്തിന്റെ മേലേരി ചാടൽ വിഷ്ണുമൂർത്തിക്കുള്ള ഗോവിന്ദ വിളി. വിണ്ണിലെ ദൈവങ്ങൾ മണ്ണിലേക്കിറങ്ങുന്ന പുണ്യ മുഹൂർത്തങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. അള്ളടസ്വരൂപം മുതൽ വടക്കിന്റെ തട്ടകമാകെ വ്യാപിച്ചു കിടക്കുന്ന മന്ത്രമൂർത്തികളുടെയും ഉഗ്രസ്വരൂപിണികളു ടെയും ഉറഞ്ഞാട്ടത്തിനുള്ള കാലത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു. പത്താം മുദയത്തിന് കുടുംബത്തിലെ കാരണവരും കാർണോത്തിയും ചേർന്ന് സൂര്യനെ കിണ്ടിയും വിളക്കും കാണിക്കുന്ന ചടങ്ങുണ്ട്. തുടർന്ന് കന്നുകാലികൾക്ക് ഭക്ഷണം നൽകുന്ന ചടങ്ങുമുണ്ട്. ഈ ദിവസം വീടുകളിൽ തെരുവെക്കുക എന്ന ചടങ്ങും നടക്കുന്നു.

പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഇന്ന് വിശേഷ ചടങ്ങുകൾ നടന്നു. പതിവുപോലെ ഇക്കുറിയും നല്ല ഭക്തജന തിരക്കുണ്ടായി. മഴയെ അവഗണിച്ചു കൊണ്ടാണ് ദൂരദേശങ്ങളിൽ നിന്നു പോലും തീർത്ഥാടകരെത്തിയത്. ഉച്ചയ്ക്ക് വീടുകളിൽ പപ്പടവും പായസവും കൂട്ടിയുള്ള സദ്യ ഉണ്ടാവും. പിതൃക്കൾക്ക് അകത്ത് വച്ചശേഷം ആണ് സദ്യ നടക്കുക. പത്താമുദയ ദിവസം ഉദയസൂര്യനെ വിളക്ക് കൊളുത്തി കാണിക്കുക എന്ന രീതി ഉണ്ടായിരുന്നു. മണ്ണിനോടും കൃഷിയോടും മലയാളിക്കുണ്ടായിരുന്ന മമതയുടെ പ്രതീകം കൂടിയാണ് പത്താമുദയ ആചാരങ്ങൾ.