പുരാതന കാലം മുതൽ നമ്മുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒരൗഷധമാണ് മഞ്ഞൾ. പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നത് ഇന്ത്യൻ വൈദ്യശാസ്ത്രമായ ആയുർവേദത്തിൽ ഒരു 'സുവർണ്ണ പാനീയമായി' കണക്കാക്കുന്നു. ദിവസവും രാത്രി കിടക്കുന്നതിനുമുമ്പ് ഒരു ഗ്ലാസ് മഞ്ഞൾപ്പാൽ കുടിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും, സന്ധിവേദന കുറയ്ക്കാനും, നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്നു.
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ രക്തക്കുഴലുകളിലെ വീക്കം കുറച്ച്, രക്തയോട്ടം മെച്ചപ്പെടുത്തുകയും കൊളസ്ട്രോൾ നില നിയന്ത്രിക്കുകയും ചെയ്യുന്നു. നല്ല ഭക്ഷണരീതിയോടും ജീവിതശൈലിയോടും ചേർത്തു വയക്കാൻ കഴിയുന്ന ഒരു ഡ്രിങ്ക് ആണിത്. ദീർഘകാലത്തിൽ ഇത് ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കും.
പാൽ സ്വാഭാവികമായ ഉറക്കം നൽകുന്ന പാനീയമാണ്. ട്രിപ്ടോഫൻ എന്ന അമിനോ ആസിഡ് ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ സെറൊട്ടോണിൻ, മെലട്ടോണിൻ എന്നിവയുടെ ഉത്പാദനം വർധിപ്പിക്കുന്നു, ഇവ നല്ല ഉറക്കത്തിന് സഹായിക്കും. മഞ്ഞളിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ നാഡീവ്യവസ്ഥയെ ശാന്തമാക്കി എളുപ്പത്തിൽ ഉറക്കം വരാനും സഹായിക്കും.
മഞ്ഞളിലെ പ്രധാന ഘടകമായ കുർകുമിൻ ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പുഷ്ടമാണ്. രാത്രിയിൽ മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നത് പേശീ വേദന, സന്ധി വേദന, ശരീരത്തിലെ മുറുക്കം, എന്നിവ കുറയ്ക്കുന്നു. ദിവസം മുഴുവൻ ശാരീരികാധ്വാനം ചെയ്തവർക്കും വാതരോഗമുള്ളവർക്കും ഈ പാനീയം ആശ്വാസം നൽകും.