+

രണ്ടു യുവാക്കളുടെ കൂടി ജീവന്‍ നഷ്ടമായി ; മുങ്ങിമരണം വര്‍ദ്ധിച്ചതോടെ നടപടികള്‍ തുടങ്ങി ദുരന്തനിവാരണ അതോറിറ്റി

'ജീവനം - ജീവനോട് ജാഗ്രതയുടെ യുദ്ധം' എന്ന പേരില്‍ അധികൃതര്‍ ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്.

തലസ്ഥാന ജില്ലയില്‍ മുങ്ങിമരണങ്ങളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനൊരുങ്ങുകയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടവും. നെയ്യാര്‍ റിസര്‍വോയറിലെ അമ്പൂരി പന്തപ്ലാമൂട് ആനക്കുളത്തില്‍ കഴിഞ്ഞ ദിവസവും രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചിരുന്നു. കാട്ടാക്കട തൂങ്ങാംപാറ സ്വദേശി ദുര്‍ഗ്ഗാദാസ് (22), അമ്പൂരി പൂച്ചമുക്ക് സ്വദേശി അര്‍ജുന്‍ (20) എന്നിവരാണ് മരിച്ചത്. ഫയര്‍ഫോഴ്‌സും പൊലീസും മണിക്കൂറുകള്‍ നീണ്ട തെരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെത്താനായത്. പിന്നാലെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

'ജീവനം - ജീവനോട് ജാഗ്രതയുടെ യുദ്ധം' എന്ന പേരില്‍ അധികൃതര്‍ ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. ജലസുരക്ഷയുടെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്നതോടൊപ്പം ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ട മുന്‍കരുതലുകളും ഒരുക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. 2019 മുതല്‍ 2025 വരെ കുട്ടികളും വിദേശികളും ഉള്‍പ്പടെ 352 പേര്‍ ജില്ലയില്‍ മാത്രം മരിച്ചിട്ടുള്ളതായിട്ടാണ് ഫയര്‍ ആന്റ് റെസ്‌ക്യൂ വകുപ്പ് നല്‍കുന്ന കണക്ക്. ഇതില്‍ 315 പുരുഷന്മാരും 37 സ്ത്രീകളുമാണ്.

ക്യാമ്പയിന്റെ ഭാഗമായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ടൂറിസം, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയവയുടെ സഹായത്തോടെ മുങ്ങിമരണങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മേഖലകളെ ദുരന്തനിവാരണ നിയമ പ്രകാരം അപകടമേഖലയായി പ്രഖ്യാപിക്കാന്‍ ജില്ലാ ഭരണകൂടം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

facebook twitter