ഷാർജയിലും ദുബൈയിലും ഡെലിവറി ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് റോഡിലെ ലൈൻ സംബന്ധിച്ച പുതിയ നിയമങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍.റോഡപകടങ്ങള്‍ വർധിക്കുന്ന സാഹചര്യത്തില്‍, റൈഡർമാരുടെയും മറ്റ് വാഹനയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഇരുചക്രവാഹനങ്ങള്‍ സ്പീഡ് ലൈനുകളില്‍ പ്രവേശിക്കരുത്. ഷാർജയില്‍ നാല് ലൈനുള്ള റോഡില്‍ വലതുവശത്തെ മൂന്നാമത്തെയും നാലാമത്തെയും ലൈനുകളിലൂടെയും, മൂന്ന് ലൈനുള്ള റോഡില്‍ നടുവിലെയും വലതുവശത്തെയും ലൈനുകളിലൂടെയും, രണ്ട് ലൈനുള്ള റോഡില്‍ വലതുവശത്തെ ലൈനിലൂടെയും മാത്രമേ മോട്ടോർബൈക്കുകള്‍ക്ക് സഞ്ചരിക്കാൻ അനുമതിയുള്ളൂ. ഷാർജയില്‍ ബസ് ഉള്‍പ്പെടെയുള്ള ഭാരവാഹനങ്ങളും റോഡിന്റെ വലതുവശത്തെ ലൈനില്‍ മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂ.
ദുബൈയില്‍ അഞ്ച് വരി റോഡില്‍ ഏറ്റവും ഇടതുവശത്തെ രണ്ട് ലൈനുകളില്‍ ഡെലിവറി ബൈക്കുകള്‍ക്ക് നിരോധനമുണ്ട്. നാല് വരി, മൂന്ന് വരി റോഡുകളില്‍ ഏറ്റവും ഇടതുവശത്തെ ലൈനിലും ഇരുചക്രവാഹനങ്ങള്‍ക്ക് വിലക്കുണ്ട്. വാഹനങ്ങള്‍ ലൈനുകള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ റഡാർ നിരീക്ഷണം കർശനമാക്കും.
ഷാർജയില്‍ നിയമം ലംഘിക്കുന്ന ഹൈവി വാഹനങ്ങള്‍ക്ക് 1500 ദിർഹം പിഴയും 12 ബ്ലാക്ക് പോയന്റുകളും, ലൈൻ നിയമം പാലിക്കാത്ത ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും ലഭിക്കും. ദുബൈയില്‍ നിയമം ലംഘിക്കുന്ന റൈഡർമാർക്ക് ആദ്യഘട്ടത്തില്‍ 500 ദിർഹം പിഴ ചുമത്തും.
കുറ്റം ആവർത്തിച്ചാല്‍ പിഴ 700 ദിർഹമായി വർധിക്കുകയും, മൂന്നാം തവണ നിയമലംഘനം നടത്തുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്യും. അബൂദബിയിലും അജ്മാനിലും സമാനമായ ഗതാഗത നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർടിഎ) അതത് എമിറേറ്റുകളിലെ പൊലീസും സംയുക്തമായാണ് ഈ സുരക്ഷാ നടപടികള്‍ നടപ്പാക്കുന്നത്.