പുതുവത്സരത്തെ വരവേല്‍ക്കാന്‍ വെടിക്കെട്ടും ഡ്രോണ്‍ ഷോയുമായി യുഎഇ

02:13 PM Dec 23, 2024 | Suchithra Sivadas

വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികളുമായി പുതുവത്സരത്തെ വരവേല്‍ക്കാന്‍ യുഎഇ ഒരുങ്ങി. ഇത്തവണത്തെ പുതുവര്‍ഷ രാവില്‍ പ്രേക്ഷകരുടെ മനം കവരുന്ന 15 മിനിറ്റ് ദൈര്‍ഘ്യമുള്ള കരിമരുന്ന് പ്രയോഗത്തിനും ഡ്രോണ്‍ പ്രദര്‍ശനത്തിനും വേണ്ടിയുള്ള അന്തിമഘട്ട തയ്യാറെടുപ്പിലാണ് റാസല്‍ ഖൈമ. 
മര്‍ജാന്‍ ദ്വീപ് മുതല്‍ അല്‍ ഹംറ വില്ലേജ് വാട്ടര്‍ഫ്രണ്ട് വരെയുള്ള അതിമനോഹരമായ പശ്ചാത്തലത്തില്‍ എമിറേറ്റിന്റെ പ്രകൃതി സൗന്ദര്യം, പൈതൃകം, സംസ്‌കാരം എന്നിവയെ ആദരിക്കുന്ന പ്രദര്‍ശനം മൂന്ന് ഘട്ടങ്ങളായാണ് അവതരിപ്പിക്കുക. സന്ദര്‍ശകര്‍ക്ക് വേദിയില്‍ ഇഷ്ടമുള്ള ഭക്ഷണം ആസ്വദിക്കുന്നതിനായി വിവിധ ഫുഡ് ട്രക്കുകള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ 20,000-ത്തിലധികം വാഹനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആറ് നിയുക്ത സൗജന്യ പാര്‍ക്കിങ് സോണുകളും പുതുവത്സരത്തിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്.
വിപുലമായ സൗകര്യങ്ങളാണ് റാംസ് പാര്‍ക്കിങ്ങില്‍ ഒരുക്കിയിരിക്കുന്നത്. കോംപ്ലിമെന്ററി ബിബിക്യു സൗകര്യങ്ങളും നിയുക്ത ക്യാമ്പിങ് ഏരിയകളും ഇവിടെ ആസ്വദിക്കാനാവും. കാരവനുകള്‍, ആര്‍വികള്‍, ടെന്റുകള്‍ എന്നിവയും ദയാ പാര്‍ക്കിംഗില്‍ അനുവദിക്കും. എന്നാല്‍ www.raknye.comല്‍ ഇതിന് മുന്‍കൂട്ടിയുള്ള രജിസ്‌ട്രേഷന്‍ ആവശ്യമാണ്.
അല്‍ മര്‍ജാന്‍ ദ്വീപില്‍ പുതുവത്സരാഘോഷം ആഘോഷിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്, പ്രവേശനവും സുരക്ഷിതമായ പാര്‍ക്കിങ്ങും ഉറപ്പാക്കാന്‍ വാഹനം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണെന്ന് അധികൃതര്‍ അറിയിച്ചു.