തിരക്കേറിയ സമയങ്ങളില്‍ ഉബര്‍, ഓല നിരക്ക് കൂടും

07:44 AM Jul 03, 2025 | Suchithra Sivadas

ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ ഉബര്‍, ഒല, റാപ്പിഡോ, ഇന്‍ഡ്രൈവ് തുടങ്ങിയവയ്ക്ക് നിരക്ക് കൂട്ടാന്‍ അനുമതി. തിരക്കേറിയ സമയങ്ങളില്‍ അടിസ്ഥാന നിരക്കിന്റെ ഇരട്ടി വരെ ഈടാക്കാനാണ് റോഡ് ഗതാഗത മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. നേരത്തെ ഇത് തിരക്കേറിയ സമയങ്ങളില്‍ ഒന്നര മടങ്ങായിരുന്നു.

അതേസമയം, തിരക്കില്ലാത്ത സമയങ്ങളില്‍ നിരക്ക് അടിസ്ഥാന നിരക്കിന്റെ 50 ശതമാനമായിരിക്കണമെന്നും നിര്‍ദേശമുണ്ട്. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യമുള്ളത്.


ഓണ്‍ലൈന്‍ ടാക്സികളിലെ എല്ലാ ഡ്രൈവര്‍മാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഓരോ ഡ്രൈവര്‍ക്കും അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ടേം ഇന്‍ഷുറന്‍സ് പോളിസിയും നിര്‍ബന്ധമാണ്.