+

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ 'ഉദയനാണ് താരം' വീണ്ടും തീയറ്ററുകളിലേക്ക്

റോഷന്‍ ആന്‍ഡ്രൂസ്-മോഹന്‍ലാല്‍- ശ്രീനിവാസന്‍ കൂട്ടുകെട്ടിലെത്തിയ 'ഉദയനാണ് താരം' വീണ്ടും തീയറ്ററുകളിലേക്ക് . സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ സി.കരുണാകരനാണ് നിര്‍മിച്ചത്.

റോഷന്‍ ആന്‍ഡ്രൂസ്-മോഹന്‍ലാല്‍- ശ്രീനിവാസന്‍ കൂട്ടുകെട്ടിലെത്തിയ 'ഉദയനാണ് താരം' വീണ്ടും തീയറ്ററുകളിലേക്ക് . സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ സി.കരുണാകരനാണ് നിര്‍മിച്ചത്. മോഹന്‍ലാലിനൊപ്പം ശ്രീനിവാസനും പ്രധാന വേഷത്തിലെത്തിയ സിനിമ മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമയായിട്ടാണ് കണക്കാക്കപ്പെടുന്നത്. 

ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടിയ സിനിമ 20 വര്‍ഷത്തിന് ശേഷം റീ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഫെബ്രുവരിയില്‍ ചിത്രം 4കെ ദൃശ്യ മികവോടെ തിയറ്ററുകളില്‍ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ദീപക് ദേവിന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസന്‍ പാടിയ 'കരളേ, കരളിന്റെ കരളേ' എന്ന ഗാനം ഉള്‍പ്പടെ ചിത്രത്തിലെ ഗാനങ്ങളും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയവയാണ്. 

മികച്ച നവാഗത സംവിധായകന്‍, മികച്ച നൃത്തസംവിധാനം എന്നിവക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളുമായി മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയ ചിത്രവുമാണ് 'ഉദയനാണ് താരം'. റീ റിലീസായെത്തിയ ചിത്രങ്ങള്‍ നേടുന്ന വിജയം കൂടുതല്‍ ക്ലാസിക് ചിത്രങ്ങളെ വീണ്ടും തീയേറ്ററുകളില്‍ എത്തിക്കാന്‍ പ്രചോദനമാകുന്നുവെന്ന് നിര്‍മാതാവ് സി.കരുണാകരന്‍ പറയുന്നു.

ശ്രീനിവാസന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ. സഹസംവിധായകനായ ഉദയാഭാനുവായിരുന്നു ചിത്രത്തില്‍ മോഹന്‍ലാല്‍. രാജപ്പന്‍ തെങ്ങുമ്മൂടെന്ന മറ്റൊരു കഥാപാത്രം ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ചു. സരോജ് കുമാറായി മാറുന്ന കഥാപാത്രമായിരുന്നു ഇത്. ജഗതി ശ്രീകുമാര്‍ പച്ചാളം ഭാസിയായുള്ള തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായി മീന എത്തിയപ്പോള്‍ മുകേഷ്, സലിംകുമാര്‍, ഇന്ദ്രന്‍സ്, ഭാവന എന്നിവരും വേഷമിട്ടിട്ടുണ്ട്. ഛായാഗ്രാഹണം നിര്‍വഹിച്ചത് എസ് കുമാറാണ്. ഗാനരചന കൈതപ്രം നിര്‍വഹിച്ചപ്പോള്‍ പശ്ചാത്തല സംഗീതം ഔസേപ്പച്ചനും നിര്‍വഹിച്ചു.

എ. കെ സുനിലിന്റെ നേതൃത്വത്തിലുള്ള ന്യൂ സൂര്യ ഫിലിംസ് ആണ് ചിത്രത്തിന്റെ ഡിസ്ത്രിബ്യൂഷന്‍ കൈകാര്യം ചെയ്യുന്നത്. എഡിറ്റര്‍: രഞ്ജന്‍ എബ്രഹാം, എക്‌സിക്യൂട്ട് പ്രൊഡ്യൂസര്‍: കരീം അബ്ദുള്ള, ആര്‍ട്ട്: രാജീവന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആന്റോ ജോസഫ്, മേക്കപ്പ്: പാണ്ഡ്യന്‍, കോസ്റ്റ്യൂംസ്: സായി, ഓഫീസ് ഇന്‍ചാര്‍ജ്: ബിനീഷ് സി കരുണ്‍, മാര്‍ക്കറ്റിങ് ഹെഡ്ഡ്: ബോണി അസനാര്‍, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍: മദന്‍ മേനോന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഹൈ സ്റ്റുഡിയോസ്, സ്റ്റില്‍സ്: മോമി & ജെപി, ഡിസൈന്‍സ്: പ്രദീഷ് സമ, പി.ആര്‍.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

facebook twitter