കല്‍പ്പറ്റ: ദേശീയപാത 766ലെ രാത്രിയാത്രാവിലക്ക് നീക്കുന്നത് കേരള, കര്‍ണാടക സര്‍ക്കാരുകള്‍ സംയുക്ത ശ്രമം നടത്തണമെന്ന് യുണൈറ്റഡ് ഫാര്‍മേഴ്സ് ആന്‍ഡ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് (യു.എഫ്.പി.എ) ദേശീയ സമ്മേളനം ആവശ്യപ്പെട്ടു. കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ ബാധകമാക്കിയ ഗ്രീന്‍ ടാക്സ് പിന്‍വലിക്കുക, കര്‍ഷകര്‍ക്ക് പ്രാദേശിക പരിഗണനയില്ലാതെ വിള ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുക, 60 വയസ് കഴിഞ്ഞ മുഴുവന്‍ കര്‍ഷകര്‍ക്കും പെന്ഷന് അനുവദിക്കുക, മറുനാടന്‍ കര്‍ഷകരെ പ്രവാസികളായി അംഗീകരിച്ച് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക, വന്യമൃഗ ആക്രമണത്തില്‍നിന്നു ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ദ്വിദിന സമ്മേളനം ഉന്നയിച്ചു.
മുട്ടില്‍ എംആര്‍ ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം യു.എഫ്.പി.സി.ഒ ചെയര്മാന് ബേബി പെരുങ്കുഴി ഉദ്ഘാടനം ചെയ്തു. യുഎഫ്പിഎ ദേശീയ ചെയര്മാന് സിബി തോമസ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ അജി കുര്യന് റിപ്പോര്‍ട്ടും ട്രഷറര്‍ എം.എ. ജോസ് വരവുചെലവ് കണക്കും അവതരിപ്പിച്ചു. വാര്‍ഷിക പൊതുസമ്മേളനം മെന്റര്‍ സാബു കണ്ണക്കാംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ശീമായ് ഛത്തിസ്ഗഢ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
ഭാരവാഹികളായി എമിസണ്‍ തോമസ്(ചെയര്മാന്), സിറാജുദ്ദീന് കോഴിക്കോട്(ജനറല്‍ കണ്‍വീനര്‍), എം.എ. ജോസ്(ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു. അഡ്വ.കദരീനാഥ്, അഡ്വ.അനില്‍ പി. ബോസ് എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
സാംസ്കാരിക സമ്മേളനം ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. യുഎഫ്പിഎ ‘ഹൃദയപൂര്‍വം’ പദ്ധതിയില്‍ മേപ്പാടിയില്‍ ബഡ്സ് സ്കൂളിന് കെട്ടിടം നിര്‍മിക്കുന്നതിന്റെ പ്രഖ്യാപനം എംഎല്‍എ നടത്തി. കെട്ടിടത്തിന്റെ ത്രിമാന എലിവേഷന് അദ്ദേഹം മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബുവിന് കൈമാറി. വിനു വട്ടോളി, മുസ്തഫ ബത്തേരി, ഷൈജോ ജോസ്, സനീഷ് നീര്‍വാരം എന്നിവര്‍ പ്രസംഗിച്ചു. യുഎഫ്പിഎ വൈസ്ചെയര്‍മാന്‍ നയീമുദ്ദീന് സ്വാഗതവും രക്ഷാധികാരി എം.ആര്. മോഹനന് നന്ദിയും പറഞ്ഞു