
ലണ്ടൻ: യുകെയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. വൈക്കം സ്വദേശിയായ ആൽവിൻ സെബാസ്റ്റ്യൻ (24) ആണ് യോർക്‌ഷറലെ എ-1 (എം) മോട്ടോർവേയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്. മിഡിൽസ്ബറോയിൽ താമസിക്കുന്ന വൈക്കത്തുനിന്നുള്ള സെബാസ്റ്റ്യൻ ദേവസ്യ- ലിസി ജോസഫ് ദമ്പതികളുടെ മകനാണ്.
വെള്ളിയാഴ്ച രാത്രി 10:43ന് യോർക്കിലെ റിപ്പോൺ എന്ന സ്ഥലത്തായിരുന്നു അപകടം. യുവാവ് സഞ്ചരിച്ചിരുന്ന കാറും മറ്റൊരു ട്രക്കും തമ്മിൽ ജങ്ഷൻ -50ന് സമീപം കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. ഇരു വാഹനങ്ങളും ഒരേ ദിശയിൽ സഞ്ചരിക്കവേയാണ് ലെയ്ൻ തെറ്റി അപകടം സംഭവിച്ചെന്നാണ് വിവരം. എയർ ആംബുലൻസിൻറെ സഹായത്തോടെയാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തെത്തുടർന്ന് രാത്രിയിൽ മോട്ടോർവേയിലൂടെയുള്ള ഗതാഗതം ഇരുവശങ്ങളിലേക്കും നിലച്ചു. നോർത്ത് യോർക്‌ഷർ പൊലീസും യോർക്‌ഷർ ആംബുലൻസ് സർവീസും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. സഹോദരങ്ങൾ- അലീന സെബാസ്റ്റ്യൻ, അലക്സ് സെബാസ്റ്റ്യൻ.