
ന്യൂഡല്‍ഹി: കൊച്ചിയിലെ കടവന്ത്രയില്‍ നടന്ന റെയ്ഡില്‍, വന്ദേ ഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകളില്‍ വിതരണം ചെയ്യാനുദ്ദേശിച്ച പഴകിയതും അനാരോഗ്യകരവുമായ ഭക്ഷണം കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം പിടികൂടിയതോടെ ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണം വീണ്ടും ചര്‍ച്ചയിലേക്ക് വരികയാണ്.
ഈച്ചകളും ദുര്‍ഗന്ധവും നിറഞ്ഞ ഭക്ഷണ സാധനങ്ങള്‍, അനുവദനീയമല്ലാത്ത അടുക്കള സൗകര്യങ്ങള്‍, ലൈസന്‍സ് ഇല്ലാത്ത പ്രവര്‍ത്തനം, കറുത്തവെള്ളമൊഴുകുന്ന പരിസരം ഇവയെല്ലാം റെയ്ഡില്‍ കണ്ടെത്തി. ഈ കേറ്ററിംഗ് യൂണിറ്റിനെതിരെ റെയില്‍വേ 1 ലക്ഷം പിഴ ചുമത്തുകയും ഐആര്‍സിടിസിയോട് കര്‍ശന നടപടി ആവശ്യപ്പെടുകയും ചെയ്തു.
ഇന്ത്യന്‍ റെയില്‍വേയ്ക്ക് യാത്രക്കാരില്‍ നിന്ന് വന്‍ തുക ഈടാക്കുന്നുണ്ടെങ്കിലും ഭക്ഷണ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതില്‍ പരാജയപ്പെടുന്നു എന്ന ആരോപണം ശരിവെക്കുന്നതാണ് കൊച്ചിയിലെ റെയ്ഡ്.
ഇന്ത്യന്‍ റെയില്‍വേയിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം വളരെക്കാലമായി വിമര്‍ശന വിധേയമാണ്. 2017-ലെ സിഎജി റിപ്പോര്‍ട്ട് പോലും റെയില്‍വേ ഭക്ഷണം 'മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ല' എന്ന് ചൂണ്ടിക്കാട്ടിയിരുന്നു, എന്നിട്ടും സ്ഥിതി മെച്ചപ്പെട്ടിട്ടില്ല. 2018-ല്‍ 7,500-ലധികം പരാതികള്‍ ലഭിച്ചതായും 1.55 കോടി പിഴ ഈടാക്കിയതായും റെയില്‍വേ മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. എന്നാല്‍, പിഴകളും പരിശോധനകളും ഉണ്ടായിട്ടും പ്രശ്‌നം തുടരുന്നു.
വന്ദേ ഭാരത് പോലുള്ള പ്രീമിയം ട്രെയിനുകളില്‍ പോലും ഭക്ഷണത്തില്‍ പുഴുക്കള്‍, പാറ്റകള്‍, പഴകിയ സാധനങ്ങള്‍ എന്നിവ കണ്ടെത്തിയ സംഭവങ്ങള്‍ യാത്രക്കാരുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. ഐആര്‍സിടിസിയും റെയില്‍വേയും മോഡേണ്‍ ബേസ് കിച്ചനുകള്‍, തേര്‍ഡ്-പാര്‍ട്ടി ഓഡിറ്റുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, യാതൊരു ഫലമുമില്ല.
ഓരോ വര്‍ഷവും റെയില്‍വെ പുതിയ പരിഷ്‌കാരങ്ങള്‍ വരുത്തി യാത്രക്കാരില്‍ നിന്നും പരമാവധി പണം ഈടാക്കുകയാണ്. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള യാത്രായിളവ് റദ്ദാക്കിയും, തത്കാല്‍ ടിക്കറ്റ് പിഴ ഈടാക്കിയും, പ്രീമിയം തത്കാലിലൂടേയുമെല്ലാം യാത്രക്കാരെ പിഴിയുന്ന റെയില്‍വേക്ക് ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം എന്നിവ ഉറപ്പുവരുത്താനാകുന്നില്ല.
2023-24 സാമ്പത്തിക വര്‍ഷം മാത്രം ഇന്ത്യന്‍ റെയില്‍വേ റെക്കോര്‍ഡ് വരുമാനമായ 2.56 ലക്ഷം കോടി രൂപ നേടി. റെയില്‍വേ ലാഭകരമാണെങ്കിലും, ഭക്ഷണ ഗുണനിലവാരം പോലുള്ള പ്രശ്‌നങ്ങള്‍ ഉടനടി പരിഹരിക്കേണ്ടതുണ്ട്. യാത്രക്കാര്‍ക്ക് മികച്ച സേവനം ഉറപ്പാക്കാന്‍ ലാഭം ഫലപ്രദമായി ഉപയോഗിക്കണം.