വാഷിങ്ടൺ: സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷാറയെ ഭീകരപട്ടികയിൽ നിന്നും ഒഴിവാക്കി അമേരിക്ക. യു.എസ് ട്രഷറി ഡിപ്പാർട്ടമെന്റ് ആണ് അൽ ഷാറയുടെ പേര് പട്ടികയിൽ നിന്നും നീക്കം ചെയ്തതായി അറിയിച്ചത്. അഹമ്മദ് അൽ ഷാറക്ക് പുറമേ സിറിയൻ ആഭ്യന്തര മന്ത്രി അനസ് ഹസൻ ഖത്താബിനെയും ഭീകരപട്ടികയിൽ നിന്നും നീക്കിയിട്ടുണ്ട്. അടുത്തയാഴ്ച അഹമ്മദ് അൽ ഷാറ- ഡോണൾഡ് ട്രംപ് കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് യു.എസ് ഭരണകൂടത്തിൻറെ നടപടി.
യു.എസിന് പുറമേ ഐക്യരാഷ്ട്രസഭ സുരക്ഷ കൗൺസിലും അഹമ്മദ് അൽ ഷാറയെ ഉപരോധത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സിറിയക്ക് മേലുള്ള മറ്റ് ഉപരോധങ്ങളും പിൻവലിക്കാൻ ആഗ്രഹിക്കുന്നുവെന്ന് യു.എസ് കോൺഗ്രസ് അറിയിച്ചു. ഈ മാസം പത്തിനാണ് അൽ ഷാറ- ട്രംപ് കൂടിക്കാഴ്ച വാഷിങ്ടണിൽ നടക്കുക.
അൽ ഖാഇദ മുൻ കമാൻഡറായിരുന്ന അൽ ഷാറയുടെ തലക്ക് 10 മില്യൺ വില അമേരിക്ക പ്രഖ്യാപിച്ചിരുന്നു. എന്നാൽ, റിയാദിൽ വെച്ച് ട്രംപുമായി നടന്ന കൂടിക്കാഴ്ചയിൽ വിലക്ക് നീക്കുകയായിരുന്നു. തുടർന്ന് സിറിയക്ക് മേലുള്ള മിക്ക ഉപരോധങ്ങളും അമേരിക്ക പിൻവലിച്ചു. 4 വർഷം നീണ്ടുനിന്ന സിറിയൻ ആഭ്യന്തര യുദ്ധത്തിൽ തകർന്ന രാജ്യത്തെ പുനർനിർമിക്കാൻ അൽ ഷാറക്ക് കഴിയുമെന്നാണ് അമേരിക്കയുടെ പ്രതീക്ഷ.
ഉപരോധം നീക്കുന്നതോടെ സിറിയയെ ഔദ്യോഗികമായി അംഗീകരിക്കുന്നുവെന്ന രാഷ്ട്രീയ സൂചനയാണ് നൽകുന്നതെന്ന് യു.എസ് അംബാസഡർ ഐക്യരാഷ്ട്രസഭയിൽ വ്യക്തമാക്കി. ഉപരോധം പിൻവലിക്കൽത്സ പതിറ്റാണ്ടുകളായ ആഭ്യന്തര യുദ്ധത്തിൽ തകർന്ന സിറിയയിലെ സാമ്പത്തികമേഖലയെ കെട്ടിപ്പടുക്കാൻ സഹായിക്കുമെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. മുൻ ഭരണാധികാരി ബശ്ശാർ അൽ അസദിനെ പുറത്താക്കിയതിന് ശേഷം സിറിയിൽ തെരഞ്ഞെടുപ്പ് നടന്നത് കഴിഞ്ഞ മാസമാണ്.