+

എള്ള് ഹല്‍വ മുതല്‍ ജാതിക്കാത്തോട് ജെല്ലി വരെ; മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ ഖനി തുറന്ന് കാര്‍ഷിക സര്‍വകലാശാല

 എള്ള് ഹല്‍വ മുതല്‍ ജാതിക്കാത്തോട് ജെല്ലി വരെ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ അനന്തമായ സാധ്യതകള്‍ കര്‍ഷകര്‍ക്ക് മുന്നില്‍ തുറന്നിടുകയാണ് ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് മൈതാനത്ത് സംഘടിപ്പിച്ച കരപ്പുറം കാര്‍ഷിക കാഴ്ച്ചാ പ്രദര്‍ശനത്തിലെ കേരള കാര്‍ഷിക സര്‍വകലാശാലയുടെ പവലിയന്‍.

അരിയില്‍ നിന്ന് റെഡി ടു ഈറ്റ് പാസ്ത ഉണ്ടാക്കാനറിയുമോ? പൈനാപ്പിളില്‍ നിന്ന് വിനാഗിരി ഉണ്ടാക്കുന്നതെങ്ങിനെയാണ്? ജാതിക്കാത്തോടില്‍ നിന്ന് ജെല്ലിയുണ്ടാക്കാനാവുമോ...?  എള്ള് ഹല്‍വ മുതല്‍ ജാതിക്കാത്തോട് ജെല്ലി വരെ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ അനന്തമായ സാധ്യതകള്‍ കര്‍ഷകര്‍ക്ക് മുന്നില്‍ തുറന്നിടുകയാണ് ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് മൈതാനത്ത് സംഘടിപ്പിച്ച കരപ്പുറം കാര്‍ഷിക കാഴ്ച്ചാ പ്രദര്‍ശനത്തിലെ കേരള കാര്‍ഷിക സര്‍വകലാശാലയുടെ പവലിയന്‍.

വാഴ, നെല്ല്, ജാതിക്ക, കശുമാങ്ങ, കൊക്കോ, എള്ള്, റാഗി, ചക്ക, കൂണ്‍, മത്സ്യം, തേന്‍, തേങ്ങ, മാങ്ങ, പൈനാപ്പിള്‍ തുടങ്ങി നമുക്ക് ചുറ്റുവട്ടത്തുള്ള ഒട്ടേറെ കാര്‍ഷിക വിഭവങ്ങളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളാണ് സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. കണ്ണാറ കാര്‍ഷിക സര്‍വകലാശാല വാഴ ഗവേഷണ കേന്ദ്രം, കോട്ടയം എസിഎആര്‍ കൃഷി വിജ്ഞാനകേന്ദ്രം, ഓണാട്ടുകര മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം, അഗ്രി ബിസിനസ് ഇന്‍ക്യുബേറ്റര്‍ എന്നീ സ്ഥാപനങ്ങളാണ് കാര്‍ഷികസര്‍വകലാശാല ഒരുക്കിയ സ്റ്റാളില്‍ പങ്കാളികളായിട്ടുള്ളത്.

മൂല്യവര്‍ധിത ഉത്പന്നങ്ങളെക്കുറിച്ച് വ്യത്യസ്തമായ ആശയങ്ങളുമായി എത്തുന്ന കര്‍ഷകര്‍ക്കും നവസംരംഭകര്‍ക്കും ആവശ്യമായ എല്ലാ നിര്‍ദേശങ്ങളും നല്‍കാനായി വെള്ളാനിക്കര കാര്‍ഷിക സര്‍വകലാശാലയിലെ റാഫ്ത്താര്‍ അഗ്രി ബിസിനസ് ഇന്‍ക്യൂബേറ്റര്‍ ജീവനക്കാര്‍ സ്റ്റാളിലുണ്ട്. ഭക്ഷ്യസംസ്‌കരണ മേഖലയിലെ സൂക്ഷ്മ സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി നടപ്പാക്കിയ പ്രധാനമന്ത്രി സൂക്ഷ്മ ഭക്ഷ്യസംസ്‌കരണ വ്യവസായ സംരംഭ രൂപവത്കരണ പദ്ധതിയെ കൂടുതല്‍ അടുത്തറിയാനും സ്റ്റാളിലൂടെ കഴിയും. 

ഭക്ഷ്യസംസ്‌കരണമേഖലയിലെ പ്രധാനയന്ത്ര സാമഗ്രികളെ പരിചയപ്പെടുത്തിനും സ്റ്റാളില്‍ അവസരം ഒരുക്കിയിട്ടുണ്ട്. നൂതന ആശയങ്ങളുടെ മാതൃക രൂപീകരണത്തിനായി അഞ്ച് ലക്ഷം രൂപ വരെയും വാണിജ്യവത്കരണത്തിനും മാതൃകാ വിപൂലീകരണത്തിനുമായി 25 ലക്ഷം രൂപ വരെയും ധനസഹായം അഗ്രി ബിസിനസ്സ് ഇന്‍ക്യൂബേറ്റര്‍ വഴി ലഭ്യമാക്കുന്നുണ്ട്. കാര്‍ഷിക സര്‍വകലാശാല സംഘടിപ്പിക്കുന്ന ഭക്ഷ്യസംസ്‌കരണ പരിശീലനത്തിനുള്ള രജിസ്‌ട്രേഷന്‍ സൗകര്യവും സ്റ്റാളിലുണ്ട്.

കൂടാതെ കര്‍ഷകരുടെ കൃഷി സംബന്ധമായ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനായി അഗ്രി ക്ലിനിക്കും കൃഷി വിജ്ഞാനകേന്ദ്രം ഒരുക്കിയിട്ടുണ്ട്. വാഴപ്പിണ്ടി, വാഴപ്പൂവ് അച്ചാര്‍ മുതല്‍ ബനാന ടോഫിയും ജാക്ക് ഫലൂദ മിക്‌സും മഷ്‌റൂം ടോഫിയും റാഗി അവലും കേരച്ചക്കരയും വരെയുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ കാണാനും അവയുടെ നിര്‍മാണരീതികള്‍ മനസ്സിലാക്കാനും സൗകര്യമൊരുക്കുന്ന സ്റ്റാളില്‍ ഒട്ടേറെ സന്ദര്‍ശകരാണ് എത്തുന്നത്. പെട്ടിയും പറയും ചക്രവും പത്താഴവും പോലുള്ള പരമ്പരാഗത കാര്‍ഷികോപകരണങ്ങളുട മാതൃകകള്‍ പ്രദര്‍ശിപ്പിക്കുന്ന സ്റ്റാളില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വില്‍പനയുമുണ്ട്.  

facebook twitter