ഉപ്പുമാവ് എങ്ങനെ ഉണ്ടാക്കിയിട്ടും ശരിയാകുന്നില്ലേ

08:45 AM Aug 17, 2025 | Kavya Ramachandran


ആവശ്യമായ സാധനങ്ങൾ

റവ -1 കപ്പ്
സവാള -1 എണ്ണം
പച്ചമുളക് -2 എണ്ണം
ഉഴുന്ന് -1 ടീസ്പൂൺ
ഇഞ്ചി അരിഞ്ഞത് -1 ടീസ്പൂൺ
കടുക് -1 ടീസ്പൂൺ
എണ്ണ -1 ടേബിൾ സ്പൂൺ
നെയ്യ്‌ -1 ടേബിൾ സ്പൂൺ
ചുവന്ന മുളക്-3 എണ്ണം
കറിവേപ്പില -2 തണ്ട്
ക്യാരറ്റ് അരിഞ്ഞത്
-1 എണ്ണത്തിന്റെ പകുതി
ഉപ്പ് -ആവശ്യത്തിന്
വെള്ളം -1 കപ്പ്
പശുവിൻ പാൽ – 1 കപ്പ് ‌
തേങ്ങ ചിരവിയത് -2 ടേബിൾ സ്പൂൺ


ഉണ്ടാക്കുന്ന വിധം

ആദ്യം ഒരു കപ്പ് റവ എടുക്കുക. ഇത് ഒരു പാനിലേക്ക് ഇട്ടു കൊടുത്തു നന്നായിട്ട് വറുത്തെടുത്ത്​ മാറ്റിവെക്കണം. അതിനുശേഷം ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണയും നെയ്യും ചേർത്ത്, ചൂടാക്കി കടുക് പൊട്ടിച്ച്, ഉഴുന്ന് ഇട്ട് അതിലേക്ക് സവാള ചേർത്ത് നന്നായി വഴറ്റി അതിലേക്ക് കാരറ്റ് ചേർത്ത്, പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റണം.
അതുകഴിഞ്ഞ് തേങ്ങാ ചിരകി ഇതിൽ ചേർത്ത് നന്നായിട്ട് മൂപ്പിച്ചെടുക്കുക. ശേഷം അതിൽ വെള്ളം ഒഴിച്ച് കൂടെ പാലും ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം. ഇത് നന്നായി തിളച്ചതിനു ശേഷം മാത്രം വറുത്ത റവ ചേർത്ത് കൊടുക്കുക. അടച്ചു വെച്ച് മീഡിയം തീയിൽ വേവിച്ചെടുക്കുക. കിടിലൻ രുചിയിൽ ഉപ്പുമാവ് റെഡി.