അമേരിക്കയുടെ കുടിയേറ്റ, സാമ്പത്തിക നയങ്ങളില്‍ വലിയ മാറ്റം ലക്ഷ്യമിട്ടുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ 'ബിഗ് ബ്യൂട്ടിഫുള്‍' ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം. ബജറ്റ് ബില്‍ ജനപ്രതിനിധി സഭയില്‍ പാസായി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സഭയില്‍ 218-214 വോട്ടിനാണ് ബില്ല് പാസായത്. രണ്ട് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ബില്ലിനെതിരെ വോട്ട് ചെയ്തു. നേരത്തെ യുഎസ് സെനറ്റ് ബില്‍ അംഗീകരിച്ചിരുന്നു. ബില്ലില്‍ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് ട്രംപ് ഒപ്പുവയ്ക്കും.
'വിജയം, വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ യുഎസ് കോണ്‍ഗ്രസില്‍ പാസായി, ഇനി പ്രസിഡന്റ് ട്രംപിന്റെ മേശയിലേക്ക്' എന്നാണ് ബില്ല് പാസായത് സംബന്ധിച്ച് വൈറ്റ് ഹൗസ് എക്‌സില്‍ കുറിച്ചത്. ബിഗ് ബ്യൂട്ടിഫുള്‍' ബില്ല് പാസാകുന്നതോടെ ആരോഗ്യ, ഭക്ഷ്യസുരക്ഷാ ചെലവുകള്‍ വെട്ടിക്കുറയ്ക്കും. പ്രകൃതിസൗഹൃദ ഊര്‍ജ പദ്ധതികള്‍ക്കുള്ള ഇളവും അവസാനിപ്പിച്ചിട്ടുണ്ട്. അഭയാര്‍ഥികളുടെ എണ്ണം കുറയ്ക്കാനും അതിര്‍ത്തി സുരക്ഷ ശക്തമാക്കാനും നടപടിയുണ്ടാകും.
അതേസമയം ക്രൂരമായ ബജറ്റ് ബില്‍ ആണ് ഇതെന്നാണ് മുന്‍ പ്രസിഡന്റെ ജോ ബൈഡന്‍ പ്രതികരിച്ചത്. ശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ ആരോഗ്യ പരിരക്ഷ എടുത്തുകളയുന്നതാണ് ബില്ലെന്നും ശത കോടീശ്വരന്മാര്‍ക്ക് വന്‍തോതില്‍ നികുതി ഇളവ് നല്‍കുന്നതിനാണ് ട്രംപ് ലക്ഷ്യമിടുന്നതെന്നും ജോ ബൈഡന്‍ ആരോപിച്ചു. എക്‌സ് പോസ്റ്റിലൂടെയാണ് ബൈഡന്റെ പ്രതികരണം.