+

അമേരിക്കന്‍ സ്വദേശിയുടെ ഒന്നര കോടി വരുന്ന വീടും സ്ഥലവും തട്ടിയെടുത്ത് വില്‍പ്പന നടത്തിയ കേസ് ; പ്രതിക്ക് ജാമ്യം അനുവദിച്ചു

അനന്തപുരി മണികണ്ഠന്റെ അനുജനായ ആറ്റുകാല്‍ പുത്തന്‍കോട്ട സ്വദേശി മഹേഷ് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.

അമേരിക്കന്‍ സ്വദേശിയായ ഡോറ അസറിയ ക്രിസ്പിയുടെ ശാസ്തമംഗലം ജവഹര്‍നഗറിലെ ഒന്നര കോടി രൂപ വിലവരുന്ന വീടും സ്ഥലവും തട്ടിയെടുത്ത് വില്‍പ്പന നടത്തിയ കേസില്‍ ഒന്നാം പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. ചീഫ് ജുഢീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. പുനലൂര്‍ അടയമണ്‍ ചണ്ണപ്പേട്ട മണക്കാട് കോടാലി പച്ച ഓയില്‍ ഫാം പഴയ ഫാക്ടറിക്ക് സമീപം പുതുപറമ്പില്‍ വീട്ടില്‍ മെറീന്‍ ജേക്കബ്ബിനാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ പ്രധാന പ്രതിയും വ്യാജ രേഖകള്‍ നിര്‍മ്മിച്ച് വസ്തു തട്ടിയെടുത്ത ആളുമായ കോണ്‍ഗ്രസ് നേതാവ് അനന്തപുരി മണികണ്ഠന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി നേരത്തേ തളളിയെങ്കിലും പൊലീസിന് ഇതുവരെ ഇയാളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ അനന്തപുരി മണികണ്ഠന്റെ അനുജനായ ആറ്റുകാല്‍ പുത്തന്‍കോട്ട സ്വദേശി മഹേഷ് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.

വ്യാജരേഖ ചമച്ചും ആള്‍മാറാട്ടം നടത്തിയും തിരുവനന്തപുരം നഗരത്തിലെ അമേരിക്കന്‍ സ്വദേശിയുടെ വീടും സ്ഥലവും വിദേശവാസിയായ ഉടമ അറിയാതെ ഒന്നരക്കോടി രൂപയ്ക്ക് മറിച്ചുവിറ്റെന്നതാണ് കേസ്. തട്ടിപ്പിന്റെ പ്രധാന സൂത്രധാരന്‍ വെണ്ടര്‍ അനന്തപുരി മണികണ്ഠന്റെ അനുജനായ ആറ്റുകാല്‍ പുത്തന്‍കോട്ട സ്വദേശി മഹേഷിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. വ്യാജമായുണ്ടാക്കിയ ആധാരം ജനറേറ്റ് ചെയ്തിരിക്കുന്നതും ആധാരമെഴുത്തുകാരനായ മഹേഷിന്റെ ലൈസന്‍സ് നമ്പര്‍ ഉപയോഗിച്ചാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മ്യൂസിയം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

facebook twitter