ഉത്തർപ്രദേശിൽ ഓടുന്ന കാറിൽ ബലാത്സംഗ ശ്രമം ചെറുത്ത യുവതിയെ കുത്തികൊന്നു

03:35 PM Apr 20, 2025 | Neha Nair

ന്യൂഡൽഹി: ഓടുന്ന കാറിൽ ബലാത്സംഗശ്രമം ചെറുത്ത യുവതിയെ കുത്തികൊന്നു. യു.പിയുടെ തലസ്ഥാനമായ ലഖ്നോവിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

26കാരിയായ ബ്യൂട്ടീഷനാണ് കൊല്ലപ്പെട്ടത്. വിവാഹദിനത്തിൽ സുദാൻഷു എന്നയാൾക്ക് മുടിയിൽ ഹെന്ന നൽകുന്നതിന് വേണ്ടിയാണ് യുവതി ​സഹോദരിക്കൊപ്പം പോയത്. ബ്യൂട്ടിഷനേയും സഹോദരിയേയും കൂട്ടികൊണ്ട് പോകുന്നതിനായി അജയ്, വികാസ്, ആദർശ് എന്നിവരാണ് എത്തിയത്.

ജോലി കഴിഞ്ഞതിന് ശേഷം മടങ്ങുന്നതിനിടെയാണ് ബലാത്സംഗ ശ്രമം ഉണ്ടായത്. ബ്യൂട്ടിഷനായ യുവതിയേയും സഹോദരിയേയുമാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇരുവരും പീഡനം ചെറുത്തതോടെ അജയ് എന്നയാൾ കത്തി ഉപയോഗിച്ച് ബ്യൂട്ടിഷനായ യുവതിയുടെ കഴുത്തറുക്കുകയായിരുന്നു.

ഇതിനിടെ കാർ ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയും ചെയ്തു. ആളുകൾ ഓടികൂടുമ്പോഴേക്കും പ്രതികളായ മൂന്ന് പേരും രക്ഷപ്പെടുകയും ചെയ്തു. രക്ഷപ്പെടുന്നതിന് മുമ്പായി ഇക്കാര്യം പുറത്ത് പറഞ്ഞാൽ കുടുംബത്തിലെ മുഴുവൻ പേരെയും കൊല്ലുമെന്ന് പെൺകുട്ടിയുടെ സഹോദരിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ ​പൊലീസ് നടത്തിയ അന്വേഷണത്തിൽ വികാസ്, ആദർശ് എന്നീ രണ്ട് പേർ പൊലീസ് പിടിയിലായി. അജയ് ഇപ്പോഴും ഒളിവിലാണ്. ഇയാളെ പിടികൂടുന്നതിനായി അന്വേഷണം തുടരുന്നതായി എ.സി.പി വികാസ് പാണ്ഡ്യ പറഞ്ഞു.