+

വൈഭവ് സൂര്യവംശിയെ റാഞ്ചാന്‍ മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സിന് കോടികളുടെ വാഗ്ദാനം, രോഹിത്തിന്റെ പകരക്കാരനാക്കാന്‍ പദ്ധതി

ഐപിഎല്‍ 2025 സീസണിലെ സെന്‍സേഷന്‍ ആയി മാറിയ താരമാണ് രാജസ്ഥാന്‍ റോയല്‍സിന്റെ 14 വയസ്സുകാരനായ ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശി.

ന്യൂഡല്‍ഹി: ഐപിഎല്‍ 2025 സീസണിലെ സെന്‍സേഷന്‍ ആയി മാറിയ താരമാണ് രാജസ്ഥാന്‍ റോയല്‍സിന്റെ 14 വയസ്സുകാരനായ ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശി. ആദ്യ സീസണില്‍ തന്നെ കണ്ണഞ്ചിക്കുന്ന സെഞ്ച്വറി നേടിയ താരം ക്രിക്കറ്റ് ആരാധകരുടേയെല്ലാം കൈയ്യടി നേടിയിരുന്നു.

അടുത്ത സീസണില്‍ വൈഭവിനെ സ്വന്തമാക്കാന്‍ ചില ഐപിഎല്‍ ടീമുകള്‍ രംഗത്തെത്തിക്കഴിഞ്ഞു. മുംബൈ ഇന്ത്യന്‍സാണ് ഇതില്‍ മുന്നിലുള്ളത്. രോഹിത് ശര്‍മ വിരമിക്കാനായതോടെ വൈഭവിനെ പകരക്കാരനാക്കാമെന്നാണ് ഫ്രാഞ്ചൈസിയുടെ കണക്കുകൂട്ടല്‍. ഇതിനായി വമ്പന്‍ തുക രാജസ്ഥാന്‍ റോയല്‍സിന് വാഗ്ദാനം ചെയ്തുകഴിഞ്ഞു.

വെറും 1.1 കോടി രൂപയ്ക്ക് രാജസ്ഥാന്‍ മെഗാ ലേലത്തിലൂടെ നേടിയ താരം മികച്ച ബാറ്റര്‍ മാത്രമല്ല വിപണിമൂല്യമുള്ള ബ്രാന്‍ഡ് കൂടിയായി മാറിക്കഴിഞ്ഞു. വൈഭവിന്റെ കളികാണാന്‍ മാത്രം ടെലിവിഷന് മുന്നില്‍ ആരാധകരെത്തി തുടങ്ങിയതോടെയാണ് മുംബൈ ഇന്ത്യന്‍സ് താരത്തെ നോട്ടമിട്ടത്. 

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 35 പന്തില്‍ 101 റണ്‍സ് നേടിയ താരം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 33 പന്തില്‍ 57 റണ്‍സും നേടിയിരുന്നു. 7 ഇന്നിംഗ്‌സുകളില്‍ 252 റണ്‍സ് നേടിയ വൈഭവ് 206.55 എന്ന അസാധാരണ സ്‌ട്രൈക്ക് റേറ്റോടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി.

അടുത്ത സീസണില്‍ ബാറ്റിങ് മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് വൈഭവ് പറയുന്നു. ചില കളികളില്‍ തെറ്റായ ഷോട്ടിലൂടെ പുറത്തായത് പോരായ്മയാണ്. ഇത് തിരുത്താനാണ് ശ്രമമെന്നും ആഭ്യന്തര ക്രിക്കറ്റാണ് ഇനി ലക്ഷ്യമെന്നും താരം പറഞ്ഞു. ട്രാസ്ഫര്‍ ഉണ്ടായില്ലെങ്കില്‍ 2026ല്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലെത്തിക്കാന്‍ വൈഭവിന്റെ ബാറ്റിംഗ് മികവ് നിര്‍ണായകമാകുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.

facebook twitter