കരിയറിലെ മോശം ഘട്ടങ്ങളിൽ ഗൗതം ഗംഭീറിൽ നിന്ന് കിട്ടിയ പിന്തുണയെ കുറിച്ച് തുറന്ന് പറയുകയാണ് ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തി. കരിയറിലെ തിരിച്ചുവരവിൽ നിർണായക പങ്കുവഹിച്ചയാളാണ് ഗൗതം ഭായി എന്നും അദ്ദേഹം എപ്പോഴും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുമെന്നും വരുൺ പറഞ്ഞു.
അതേസമയം 2024-ൽ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലൂടെയാണ് വരുൺ ടീമിലേക്ക് തിരിച്ചുവന്നത്. 2021ലെ ടി 20 ലോകകപ്പിന് ശേഷം വരുണിന് ടീമിൽ അവസരം ലഭിച്ചിരുന്നില്ല. അന്ന് മുതൽ ടീമിന്റെ വിക്കറ്റ് വേട്ടക്കാരനാണ് വരുൺ. 12 മത്സരങ്ങളിൽ നിന്ന് 11.25 ശരാശരിയിലും 7.58 എന്ന ശരാശരിയിലും ഈ സ്പിന്നർ 31 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.
വരുൺ 2025-ൽ ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി വിജയത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒമ്പത് വിക്കറ്റുകൾ നേടി ടൂർണമെന്റിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനുമായി. ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കുമ്പോൾ ടീമിലിടം പിടിക്കുമെന്ന പ്രതീക്ഷയിലാണ് താരം.