ഗാന്ധി നിന്ദ നടത്തുകയും പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്ത സി.പി.എം നേതാവിനെതിരെ കേസെടുക്കണം,മലപ്പട്ടത്ത് ഗാന്ധി സ്തൂപം നിർമ്മിക്കുക തന്നെ ചെയ്യും : വി ഡി സതീശൻ

12:55 PM May 16, 2025 |


തിരുവനന്തപുരം:സംഘ്പരിവാർ നേതാക്കളെയും നാണിപ്പിക്കുന്ന രീതിയിലുള്ള ഗാന്ധി നിന്ദയാണ് കണ്ണൂരിലെ സി.പി.എം നേതാക്കൾ നടത്തുന്നത്. മലപ്പട്ടം അടുവാപുറത്ത് ഗാന്ധി സ്തൂപം നിർമ്മിക്കാൻ അനുവദിക്കില്ലെന്നാണ് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി ഗോപിനാഥിന്റെ ഭീഷണി. ഗാന്ധി നിന്ദ നടത്തുകയും പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്ത ഇയാൾക്കെതിരെ കേസെടുക്കാൻ പോലീസ് തയാറാകണമെന്ന് വി ഡി സതീശൻ പറഞ്ഞു . 

യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി സനീഷിന്റെ പേരെടുത്ത് പറഞ്ഞാണ് സി.പി.എം നേതാവായ ഈ ക്രിമിനൽ ഭീഷണിപ്പെടുത്തിയത്. സനീഷിന്റെ വീടിന് മുന്നിലൊ വീടിന്റെ അടുക്കളയിലൊ ഗാന്ധി സ്തൂപം നിർമ്മിച്ചാൽ തകർക്കുമെന്നാണ് ഇയാളുടെ ഭീഷണി. ഇതേ ഭാഷ തന്നെയായിരുന്നു സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയുടേതും. കൊലപാതകവും ഗുണ്ടായിസവും കൊട്ടേഷൻ പ്രവർത്തനങ്ങളുമൊക്കെയാണ് സി.പി.എം എന്ന പാർട്ടിയുടെ പൊതുപരിപാടിയെന്നാണ് ഈ നേതാക്കൾ വ്യക്തമാക്കുന്നത്. 

മലപ്പട്ടം അടുവാപുറത്ത് ഗാന്ധി സ്തൂപം നിർമ്മിക്കുമെന്നു തന്നെയാണ് സി.പി.എം ക്രിമിനൽ സംഘങ്ങളോട് പറയാനുള്ളത്. ആരൊക്കെ ഏതൊക്കെ രീതിയിൽ ഭീഷണിപ്പെടുത്തിയാലും നിങ്ങൾ പാർട്ടി ഗ്രാമങ്ങളെന്ന് അവകാശപ്പെടുന്ന ഇടങ്ങളിലേയ്‌ക്കെല്ലാം കോൺഗ്രസ് കടന്നു വരും.