ഈ പച്ചക്കറികൾ റഫ്രിജറേറ്ററിൽ സൂക്ഷിച്ചാൽ കേടാകും

12:30 PM Apr 30, 2025 | Kavya Ramachandran


ഭക്ഷണം, പച്ചക്കറികൾ, പഴങ്ങൾ തുടങ്ങി ധാന്യമാവുകളും പപ്പടവും വരെ റഫ്രിജറേറ്റിൽ സൂക്ഷിക്കുന്നവരാണ് നാം. സകലതും കേടുകൂടാതിരിക്കാൻ സഹായിക്കുന്ന ഒരു മാന്ത്രികപ്പെട്ടിയാണ് പലർക്കും റഫ്രിജറേറ്റർ. എന്നാൽ റഫ്രിജറേറ്ററിൽ സൂക്ഷിച്ചാൽ കേടാകുന്ന ചിലതുണ്ട്. മലയാളികൾ നിത്യവും ഉപയോഗിക്കുന്ന ആ പച്ചക്കറികൾ ഏതെന്ന് അറിയാം.
ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് റഫ്രിജറേറ്ററിൽ സൂക്ഷിക്കുന്നത് അപകടകരമാണെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ഏറെ നേരം തണുത്ത താപനിലയിൽ ഉരുളക്കിഴങ്ങ് സൂക്ഷിച്ചാൽ കിഴങ്ങിലടങ്ങിയിരിക്കുന്ന അന്നജം സൊലാനൈൻ ആയി മാറുകയും ഭക്ഷ്യവിഷബാധയ്ക്ക് വരെ കാരണമാകുകയും ചെയ്യും. റഫ്രിജറേറ്റിൽ സൂക്ഷിക്കുന്ന ഉരുളക്കിഴങ്ങ് മധുരിച്ച് പോകും. ഇവ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്താൽ തളർച്ച, തലവേദന എന്നിവയ്ക്ക് കാരണമായേക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഉരുളക്കിഴങ്ങ് റഫ്രിജറേറ്ററിൽ സൂക്ഷിക്കുന്നതിന് പകരം തുറന്ന പ്രതലത്തിൽ സൂക്ഷിക്കുന്നതാണ് ഉത്തമമെന്നും ഇവർ വ്യക്തമാക്കുന്നു.
സവാള

പച്ചക്കറിക്കൊപ്പം ഏറ്റവുമധികം നാം വാങ്ങുന്ന ഒന്നാണ് സവാള. സവാള ചേർക്കാത്ത ഭക്ഷണപദാർഥങ്ങളും നമുക്ക് കുറവാണ്. എന്നാൽ കൂടുതൽ വാങ്ങിയെന്നുകരുതി ഇവ റഫ്രിജറേറ്റിൽ സൂക്ഷിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. തണുത്തതാപനിലയിൽ സൂക്ഷിക്കുന്നത് സാവളയുടെ ഫ്രഷ്‌നെസ്സ് ഇല്ലാതാക്കും. കൂടുതൽ ഈർപ്പമുള്ളതിനാൽ സവാളയിൽ പൂപ്പൽ വരുന്നതിനും സാധ്യതയുണ്ട്. ഇത്തരത്തിൽ പൂപ്പലുള്ള സവാള പാചകത്തിനായി ഉപയോഗിച്ചാൽ അതും ദഹനപ്രശ്‌നങ്ങളിലേക്കും ഭക്ഷ്യവിഷബാധയിലേക്കും നയിച്ചേക്കാം. എല്ലായ്‌പ്പോഴും ഉണങ്ങിയ, വായുസഞ്ചാരമുള്ള പ്രതലത്തിൽ സവാള സൂക്ഷിക്കുന്നതാണ് അഭികാമ്യം. കറിക്ക് ഉപയോഗിക്ക് ബാക്കിയാകുന്ന സവാള റഫ്രിജറേറ്ററിൽ സൂക്ഷിക്കുന്നതും വിദഗ്ധർ വിലക്കുന്നുണ്ട്. അഥവാ സൂക്ഷിക്കുകയാണെങ്കിൽ തന്നെ ഇത് എയർടൈറ്റായ ഒരു കണ്ടെയ്‌നറിൽ സൂക്ഷിക്കണം.
വെളുത്തുള്ളി

സവാളയുടേത് പോലെ വെളുത്തുള്ളിയും റഫ്രിജറേറ്ററിൽ സൂക്ഷിക്കുന്നത് പൂപ്പൽ ബാധയ്ക്ക് കാരണമാകും. തന്നെയുമല്ല വെളുത്തുള്ളി മുളവരാനും റബർ പോലെയാകാനും സാധ്യതയുണ്ട്. ഇത് വെളുത്തുള്ളിയുടെ പുതുമയും ഗന്ധവും രുചിയും നഷ്ടപ്പെടുത്തും. ഇവ പാചകത്തിനായി ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. എന്നാൽ ഇവ തൊലി കളഞ്ഞ് എയർടൈറ്റായ ഒരു കണ്ടെയ്‌നറിൽ സൂക്ഷിക്കുന്നതിൽ തെറ്റില്ലെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഇഞ്ചി

ഇഞ്ചി റഫ്രിജറേറ്ററിൽ സൂക്ഷിക്കുന്നതും പൂപ്പൽ സാധ്യത ഉയർത്തുന്നതാണ്. ഇവ പാചകത്തിന് ഉപയോഗിച്ചാൽ കിഡ്‌നി, കരൾ പ്രശ്‌നങ്ങളിലേക്ക് വരെ നയിക്കാൻ കെൽപുണ്ട്. അതുകൊണ്ട് പേപ്പർ ടവലുകളിൽ മുറുക്കി പൊതിഞ്ഞ് വേണം ഇഞ്ചി റഫ്രിജറേറ്ററിൽ സൂക്ഷിക്കാൻ. അല്ലെങ്കിൽ ഫ്രീസ് ചെയ്ത് ഉപയോഗിക്കണം