കൊച്ചി: ഞാനാണോ ഇവിടെ വർഗീയത പരത്തുന്നത്. എൻ്റെ സമുദായത്തിന് വേണിയാണ് ഞാൻ സംസാരിക്കുന്നത്.എന്നാൽ ‘വർഗീയത പരത്തുന്നതിന് എനിക്കെതിരെ കേസടുത്തോളു’ എന്നും വെള്ളാപ്പള്ളി വെല്ലുവിളിച്ചു. വർഗീയ പരാമർശ വിവാദത്തിൽ രൂക്ഷ പ്രതികരണവുമായി എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. തന്നെ വേട്ടയാടുന്ന സ്ഥിതി വിശേഷം നിലനിൽക്കുന്നുവെന്ന് പറഞ്ഞ വെള്ളാപ്പള്ളി, കാന്തപുരം എന്ത് കുന്തമെടുത്ത് എറിഞ്ഞാലും ഞാൻ പറയാനുള്ളത് പറയുമെന്നും വ്യക്തമാക്കി. ഞാൻ പാവങ്ങൾക്കു വേണ്ടി നിൽക്കുന്നവനാണ്. പണക്കാർക്ക് എന്നെ ഇഷ്ടമല്ല. സംഘടിത വോട്ട് ബാങ്ക് സമുദായങ്ങൾ പടർന്നുപന്തലിച്ചു. അസംഘടിത സമുദായം തകർന്ന് താഴെ വീണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
നമ്മളെന്തെങ്കിലും പറഞ്ഞാൽ ഇടതും വലതും ഒന്നാകും. ശേഷം എല്ലാരും കൂടി തന്നെ കടന്നാക്രമിക്കുകയാണ് ചെയ്യുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇവർ ചെയ്യുന്നതിനെല്ലാം മിണ്ടാതെ നിന്നാൽ അത് മതസൗഹാർദം. എന്തെങ്കിലും പറഞ്ഞാൽ മതവിദ്വേഷമാണെന്നാണ് ആക്ഷേപിക്കുന്നതെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
കേരളത്തിൽ സാമ്പത്തിക സാമൂഹിക സർവേ നടത്തണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ഈ കസേരയിൽ നിന്ന് മറ്റൊരു കസേരയിലേക്ക് ചാടുകയല്ല എൻറെ ധർമ്മം. ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ സാമൂഹിക നീതി നടപ്പാക്കണ്ടേയെന്നും വെള്ളാപ്പള്ളി ചോദിച്ചു. സത്യം തുറന്നു പറഞ്ഞാൽ എൻറെ കോലം കത്തിക്കുന്നു. കോലം കത്തിച്ചാലും എൻറെ നിലപാട് മാറില്ല. ഞാൻ തീയിൽ കുരുത്തവൻ വെയിലത്ത് വാടില്ല. മുസ്ലിം സമുദായത്തോട് ഒരു വിരോധവും ഇല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. നമ്മൾ തുറന്നു പറഞ്ഞാൽ ജാതി, മറ്റുള്ളവർ പറഞ്ഞാൽ നീതിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മലപ്പുറം ജില്ലയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും നമുക്കില്ല. മുട്ടാളൻമാരുടെ മുമ്പിൽ മുട്ടുമടിക്കില്ല. ക്രിസ്ത്യാനിയും മുസ്ലീമും നായരും നന്നായി ജീവിക്കണം. മുസ്ലീങ്ങൾക്കിടയിൽ പല കാര്യങ്ങളിൽ തർക്കമുണ്ടെങ്കിലും സമുദായകാര്യങ്ങൾ വരുമ്പോൾ അവർ ഒന്നിക്കും. മുസ്ലീം ലീഗ് മതേതര പാർട്ടിയാണെന്നു പറയുന്ന നില വരെ എത്തിയിരിക്കുകയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. ഇവിടെ ജനാധിപത്യം മരിച്ചു, മതാധിപത്യത്തിലേക്ക് നമ്മൾ എത്തി. "അന്ന വസ്ത്രാദി മുട്ടാതെ " എന്ന ഗുരുവചനത്തിന്, അന്നത്തിൽ വസ്ത്രം മുട്ടാതെ കഴിക്കണം എന്ന് വ്യാഖ്യാനം വരുന്ന കാലമാണിതെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.