
ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജില്‍ റീ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കൊല്ലത്തേക്ക് കൊണ്ടുപോകും. മൃതദേഹം വൈകിട്ട് 5.40ന് ദുബൈയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ നാട്ടിലേക്ക് അയക്കുകയായിരുന്നു. കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയെയും കുഞ്ഞിനെയും ഷാര്‍ജയിലെ അല്‍ നഹ്ദയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ കമ്പനിയിലെ എച്ച്.ആര്‍ വിഭാഗത്തിലാണ് വിപഞ്ചിക ജോലി ചെയ്തിരുന്നത്.
ഭര്‍ത്താവ് നിതീഷും യുഎഇയിലാണ് താമസിക്കുന്നത്. വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ വിപഞ്ചികയുടെ മാതാവ് ഷൈലജ ഉള്‍പ്പെടെയുള്ള കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം യുഎഇയിലാണ് സംസ്‌കരിച്ചത്. ജബല്‍ അലിയിലെ ന്യൂ സോനാപൂര്‍ ശ്മശാനത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. രണ്ട് കുടുംബങ്ങളും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഹൈന്ദവ ആചാരപ്രകാരമുള്ള സംസ്‌കാരമാണ് നടന്നത്.
തനിക്ക് യാത്രാ വിലക്കുള്ളതിനാല്‍ വൈഭവിയുടെ മൃതദേഹം യുഎഇയില്‍ സംസ്‌കരിക്കണമെന്നത് വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിന്റെ ആവശ്യമായിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റ് ചര്‍ച്ചയിലാണ് വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്കെത്തിക്കാനും മകള്‍ വൈഭവിയുടെ മൃതദേഹം യുഎഇയില്‍ തന്നെ സംസ്‌കരിക്കാനും തീരുമാനമായത്. കുഞ്ഞിന്റെ മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കണമെന്ന ഭര്‍ത്താവിന്റെ കുടുംബത്തിന്റെ ആവശ്യത്തിന് വിപഞ്ചികയുടെ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു. തര്‍ക്കത്തില്‍ പെട്ട് സംസ്‌കാരം അനിശ്ചിതമായി നീളുന്നത് ഒഴിവാക്കാനായിരുന്നു ഇത്.