വര്‍ക്ക് ഔട്ടിനിടെ ബ്രസീലിയന്‍ ബോഡി ബില്‍ഡറും ഫിറ്റ്നസ് സംരംഭകനുമായ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ജോസ് മാറ്റിയൂസ് കോറിയ സില്‍വ (28)യാണ് ബ്രസീലിയയിലെ അഗ്വാസ് ക്ലാരസിലെ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ മരിച്ചത്. വൈറല്‍ ഫിറ്റ്നസ് താരമായിരുന്നു ജോസ്.
സുഹൃത്തുക്കൾക്കൊപ്പം ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ജോസിന് ഹൃദയാഘാതം ഉണ്ടാവുകയും പെട്ടെന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. സുഹൃത്തുക്കളില്‍ ഒരാളായ അഗ്‌നിശമന സേനാംഗം ഉടനെ പ്രാദേശിക ഫയര്‍ സ്റ്റേഷനില്‍ എത്തിച്ച് ഒരു മണിക്കൂറിലേറെ സിപിആറിലൂടെ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം ജോസിന് മുന്‍കാല ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് സഹോദരന്‍ ടിയാഗോ പറഞ്ഞു.
സൗത്ത് അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പ് പോലുള്ള ബോഡിബില്‍ഡിങ് ഇനങ്ങളില്‍ മത്സരിക്കുന്നതില്‍ പ്രശസ്തനായിരുന്നു. അപ്രതീക്ഷിതമായ മരണം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്. ജോസ് ബോഡി ബില്‍ഡര്‍ മാത്രമല്ല, അഭിഭാഷകനും പോഷകാഹാര വിദഗ്ധനും ഫിറ്റ്‌നസ് സംരംഭകനും കൂടിയായിരുന്നു.