കൊച്ചി: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വീട് നിര്‍മിച്ചു നല്‍കാനായി ശേഖരിച്ച ഫണ്ടില്‍ നിന്നും കോടികള്‍ തട്ടിയെടുത്തു എന്ന ആരോപണത്തില്‍ വാര്‍ത്താ സമ്മേളനം നടത്താന്‍ മാന്ത്രിക മോതിരം തട്ടിപ്പ് കേസിലെ ആരോപണവിധേയനും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമാണ് വിഷ്ണു സുനില്‍ പന്തളം പങ്കെടുത്തത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളം മാന്ത്രിക മോതിരത്തിന്റെ പേരില്‍ 50,000 രൂപ തട്ടിയെടുത്തതായി കെഎസ്യു കൊല്ലം ബ്ലോക്ക് വൈസ് പ്രസിഡന്റായിരിക്കെ ടി ഗോകുല്‍ കൃഷ്ണ നേരത്തെ പരാതിപ്പെട്ടിരുന്നു.
രോഗശാന്തിക്കും ഉദ്ദേശ്യശുദ്ധിക്കും മോതിരം നല്‍കാമെന്ന വ്യാജേനയാണ് വിഷ്ണു സുനില്‍ പണം വാങ്ങിയതെന്ന് കൊല്ലം വെസ്റ്റ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. വിഷ്ണു ധരിച്ച നവരത്‌ന മോതിരം എല്ലാ സമൃദ്ധിയും ഫലപ്രാപ്തിയും ഉളവാക്കുന്നുവെന്ന് പറഞ്ഞ് തെളിവായി കാണിച്ചു.
തുടര്‍ന്ന് വിഷ്ണുവിന്റെ വീട്ടിലെത്തി 25,000 രൂപ ഗോകുല്‍ കൈമാറി. ഒരാഴ്ച കഴിഞ്ഞപ്പോള്‍ 25,000 രൂപ കൂടി നല്‍കി. ഏതാനും ദിവസം കഴിഞ്ഞിട്ടും മോതിരം ലഭിക്കാത്തതിനാല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അരലക്ഷം കൂടി ആവശ്യപ്പെട്ടു. പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയതായും തന്റെ വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതായും ഗോകുല്‍ മൊഴി നല്‍കിയിരുന്നു.
തട്ടിപ്പുകേസിലെ ആരോപണ വിധേയനുമായാണ് മറ്റൊരു തട്ടിപ്പിനെക്കുറിച്ച് വിശദീകരിക്കാന്‍ വാര്‍ത്താ സമ്മേളനം വിളിച്ചതെന്ന് സോഷ്യല്‍ മീഡിയ ആരോപിക്കുന്നു. മുണ്ടക്കൈ ദുരന്ത ബാധിതരുടെ പേരില്‍ 2.5 കോടി രൂപയോളം പിരിച്ചെടുത്തിട്ടും 88 ലക്ഷത്തോളം രൂപ മാത്രമാണ് അക്കൗണ്ടുള്ളൂ എന്ന പരാതി വിശദീകരിക്കാനാണ് വാര്‍ത്താസമ്മേളനം വിളിച്ചത്. ഫണ്ട് തട്ടിപ്പ് നടത്തിയിട്ടില്ലെന്നാണ് രാഹുലിന്റെ വിശദീകരണം.