+

നാല് സര്‍ക്കിളുകളില്‍ കൂടി വോഡഫോൺ-ഐഡിയ 5ജി എത്തുന്നു

വോഡഫോൺ ഐഡിയ (Vi) മുംബൈ ടെലികോം സർക്കിളിൽ 5ജി സേവനം ഔദ്യോഗികമായി ആരംഭിച്ചു. രാജ്യത്തുടനീളമുള്ള കൂടുതൽ ടെലികോം സർക്കിളുകളിലേക്ക് 5ജി വ്യാപിപ്പിക്കാന്‍ വി ഇപ്പോൾ കമ്പനി ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ.

മുംബൈ:  വോഡഫോൺ ഐഡിയ (Vi) മുംബൈ ടെലികോം സർക്കിളിൽ 5ജി സേവനം ഔദ്യോഗികമായി ആരംഭിച്ചു. രാജ്യത്തുടനീളമുള്ള കൂടുതൽ ടെലികോം സർക്കിളുകളിലേക്ക് 5ജി വ്യാപിപ്പിക്കാന്‍ വി ഇപ്പോൾ കമ്പനി ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ.

മുംബൈയിൽ ആരംഭിച്ചതിന് ശേഷം അടുത്ത ഘട്ടത്തിൽ ദില്ലി, ബിഹാർ, കർണാടക, പഞ്ചാബ് എന്നിവിടങ്ങളിൽ 5ജി സേവനങ്ങൾ ആരംഭിക്കും എന്ന് വോഡഫോൺ ഐഡിയയുടെ വെബ്‌സൈറ്റിലെ വിവരങ്ങൾ വ്യക്തമാക്കുന്നു. കമ്പനിയുടെ വെബ്‍സൈറ്റിൽ മുംബൈയ്‌ക്കൊപ്പം ഈ ടെലികോം സർക്കിളുകളും ലിസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇത് കമ്പനി ഈ മേഖലകളിലേക്കും അതിന്‍റെ കവറേജ് വ്യാപിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന് സൂചിപ്പിക്കുന്നു.

5ജി ലോഞ്ചിനോട് അനുബന്ധിച്ച് വോഡഫോൺ ഐഡിയ അവരുടെ പുതിയ പ്രീപെയ്‌ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. ഈ പ്ലാനുകൾ ഇപ്പോൾ മുംബൈയിലെ ഉപഭോക്താക്കൾക്ക് ലഭ്യമാണ്. 299 രൂപയിൽ ആരംഭിക്കുന്ന 5ജി റീചാർജ് പ്ലാനുകൾ ഉപയോക്താക്കൾക്ക് പാക്കേജിന്‍റെ ഭാഗമായി പരിധിയില്ലാത്ത 5ജി ഡാറ്റ വാഗ്ദാനം ചെയ്യുന്നു.

അതേസമയം ജിയോയും എയർടെല്ലും രാജ്യത്തെ മിക്കവാറും എല്ലാ ടെലികോം സർക്കിളുകളിലും അവരുടെ 5ജി ലോഞ്ച് ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. രാജ്യത്തെ ഏകദേശം 98 ശതമാനം ജില്ലകളിലും ഇത് എത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. റിലയന്‍സ് ജിയോ, ഭാരതി എയർടെൽ എന്നിവയ്‌ക്കൊപ്പം, വോഡഫോൺ-ഐഡിയ, അദാനി ഗ്രൂപ്പ് എന്നീ കമ്പനികളും 2022ലെ 5ജി നെറ്റ്‌വർക്ക് സ്പെക്ട്രം ലേലത്തിൽ പങ്കെടുത്തിരുന്നു.

ജിയോ, എയർടെൽ, വോഡഫോൺ-ഐഡിയ എന്നിവയാണ് ഇന്ത്യയിൽ 5ജി ടെലികോം സേവനങ്ങൾ ഇപ്പോള്‍ നല്‍കുന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) ഈ വർഷം രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികളിലേക്ക് കടന്നിട്ടുണ്ട്. 2025 ജൂണിൽ ബിഎസ്എൻഎൽ 5ജി സേവനം രാജ്യത്ത് ആരംഭിക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. 

facebook twitter