
ആധുനിക കേരളത്തിന്റെ സൃഷ്ടിയിൽ വലിയ പങ്കുവഹിച്ച മഹാരഥന്മാരിൽ ഒരാളാണ് വിഎസ് അച്യുതാനന്ദൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സംസ്കാര ചടങ്ങുകൾ പുന്നപ്ര വലിയ ചുടുകാടിൽ പൂർത്തിയായശേഷം ചേർന്ന സർവകക്ഷി
അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്വാതന്ത്ര്യ പോരാട്ടങ്ങളോട് ഇഴ ചേർന്നാണ് വിഎസിന്റെ ജീവിതത്തിൻ്റെ തുടക്കം. തൊഴിലാളി കർഷക പ്രസ്ഥാനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ച ജനകീയ നേതാവാണ് വിഎസ്. ജാതി,മത, വർഗീയശക്തികളുടെ ഇടപെടലുകൾക്കെതിരെ ശക്തമായ പോരാട്ടം നടത്തിയ ജീവിതമായിരുന്നു വിഎസ്സിൻ്റേത്. പ്രതിപക്ഷ നേതാവെന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും കേരളത്തിൻ്റെ വികസന കാര്യങ്ങളിൽ വി എസ് വലിയ പങ്കു വഹിച്ചു. പാർട്ടിയെ വളർത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും വലിയ കരുത്ത് പകർന്ന അദ്ദേഹം പ്രതിസന്ധികളിൽ പതറാതെ പാർട്ടിയെ മുന്നോട്ടു കൊണ്ടുപോയ നേതാവ് കൂടിയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അനുശോചന യോഗത്തിൽ നിയമസഭ സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ്, കെ രാജൻ, ഡോ. ആർ ബിന്ദു, കെ എൻ ബാലഗോപാൽ, പി രാജീവ്, പി എ മുഹമ്മദ് റിയാസ്, എൻ കെ പ്രേമചന്ദ്രൻ എംപി, എംഎൽഎമാരായ എം വി ഗോവിന്ദൻ, ജോബ് മൈക്കിൾ, മുൻ മന്ത്രിമാരായ എം എ ബേബി, ബിനോയ് വിശ്വം, തോമസ് ഐസക്, എസ് ശർമ്മ, മുൻ എംപിമാരായ ടി ജെ ആഞ്ചലോസ്, സി എസ് സുജാത, പി കെ ബിജു, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആർ നാസർ, കെഎസ്ഡിപി ചെയർമാൻ സി ബി ചന്ദ്രബാബു, പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ കെ പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം ജേക്കബ് ഉമ്മൻ, രാഷ്ട്രീയപാർട്ടി നേതാക്കളായ എസ് രാമചന്ദ്രൻ പിള്ള, എ വിജയരാഘവൻ, സി എൻ മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.