പാലക്കാട്: വാളയാര്‍ എക്സൈസ് ചെക്ക് പോസ്റ്റില്‍ രേഖകളില്ലാതെ കടത്തി കൊണ്ടുവന്ന 60 ലക്ഷം പിടികൂടി. ബുധനാഴ്ച രാവിലെ 5.20ന് വാളയാര്‍ എക്സൈസ് ചെക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ കോയമ്പത്തൂരില്‍നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന സുസുക്കി ആക്സസ് സ്കൂട്ടര്‍ ഓടിച്ചു വന്ന പാലക്കാട് ചിറ്റൂര്‍ പൊല്പുള്ളി നെലുകുത്തിപാറ രതീഷ് (40), സഹയാത്രികനായ മഹാരാഷ്ട്ര സാന്ഘലി ജില്ലയില്‍ കുര്‍ളി സ്വദേശി സുനില്‍ ശിവാജി ഗെയ്ക്ക് വാദ് എന്നിവര്‍ ധരിച്ചിരുന്ന ജാക്കറ്റിലെ അറകളിലും സ്കൂട്ടറിന്റെ സീറ്റിനടിയില്‍ നിന്നുമായാണ് പണം പിടികൂടിയത്.
പണത്തിന്റെ ഉറവിടമോ കൊണ്ടുപോകുന്ന കാരണമോ വ്യക്തമാക്കാത്തതിനാല്‍ പണം നിയമാനുസരണം ബന്ധവസിലെടുത്ത് തുടര്‍ നടപടികള്‍ക്കായി പണവും പ്രതികളെയും പാലക്കാട് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് ഇന്‍കം ടാക്സ് (ഇന്‍വെസ്റ്റിഗേഷന്‍) വിഭാഗത്തിന് കൈമാറി. പണം പട്ടാമ്പി ഭാഗത്തേക്ക് കൊണ്ടുപോകുന്നു എന്നാണ് പ്രതികളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.
പണം ആര്‍ക്ക് കൈ മാറണം എന്നുള്ളത് പട്ടാമ്പിയില്‍ എത്തിയാല്‍ മാത്രമേ അറിയാന്‍ കഴിയൂ എന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്.
അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ എം. സുരേഷ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് കെ.എക്സ്. ബാസ്റ്റിന്, പ്രിവന്റിവ് ഓഫീസര്‍ ഗ്രേഡ് കെ.വി. ദിനേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി. അലിഅസ്കര്‍, പി. ശരവണന് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.