+

യമുന നദിയിലെ ജലനിരപ്പ് ഉയരുന്നു

യമുന നദിയിലെ ജലനിരപ്പ് ഉയരുന്നു

ന്യൂഡൽഹി : യമുന നദിയിലെ ജലനിരപ്പ് ഇന്ന് 207.41 മീറ്ററായി ഉയർന്നു. മിക്ക വീടുകളും വെള്ളത്തിനടിയിലാണ്. 1978ലും 2023ലും ആണ് യമുന നദിയിലെ ജലനിരപ്പ് റെക്കോർഡ് നിലയിലേക്ക് ഉയർന്നത്. യമുന ബസാർ, ഗീത കോളനി, കശ്മീരി ഗേറ്റ് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ഇതുവരെ 14,000 ത്തിലധികം ആളുകളെ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്. ഐ.ടി.ഒ, മയൂർ വിഹാർ, ഗീത കോളനി എന്നിവിടങ്ങളിൽ ദുരിതാശ്വാസ കാമ്പുകൾ തുറന്നിട്ടുണ്ട്.

ഔട്ടർ റിങ് റോഡിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വാസുദേവ് ​​ഘട്ട്, മൊണാസ്ട്രി മാർക്കറ്റ്, ഓൾഡ് ഡൽഹി റെയിൽവേ പാലം എന്നിവ അടച്ചിട്ടിരിക്കുകയാണ്. ഡൽഹിയിലെ ഏറ്റവും പഴക്കമേറിയ ശ്മശാന സ്ഥലമായ നിഗംബോധ് ഘട്ടിലേക്ക് വെള്ളം പ്രവേശിച്ചു തുടങ്ങിയിട്ടുണ്ടെന്നും ജലനിരപ്പ് ഉയർന്നാൽ പ്രവർത്തനം നിർത്തിവെക്കുമെന്നും അധികൃതർ അറിയിച്ചു. വസീറാബാദ്, ഹത്നികുണ്ഡ് ബാരേജുകളിൽ നിന്ന് ഓരോ മണിക്കൂറിലും ഉയർന്ന അളവിൽ വെള്ളം തുറന്നുവിടുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം.

2023ൽ നഗരം കടുത്ത വെള്ളപ്പൊക്കത്തിൽ മുങ്ങിയപ്പോൾ യമുനയിലെ ജലനിരപ്പ് 208.66 മീറ്ററായി ഉയർന്നു. 1978-ൽ ജലനിരപ്പ് 207.49 മീറ്ററിലെത്തി. 2010-ൽ ജലനിരപ്പ് 207.11 മീറ്ററായും 2013-ൽ 207.32 മീറ്ററായും ഉയർന്നു. ഓഖ്‌ല അണക്കെട്ടിൽ നിന്നുള്ള വെള്ളം പുറന്തള്ളുന്നത് നിരീക്ഷിക്കുന്നതിനായി നഗരത്തിലെ ജലസേചന, വെള്ളപ്പൊക്ക നിയന്ത്രണ വകുപ്പ് ഉത്തർപ്രദേശിലെ ജലസേചന വകുപ്പുമായി ഏകോപിപ്പിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ദേശീയ തലസ്ഥാനത്ത് നിന്നുള്ള വെള്ളം സുഗമമായി പുറത്തേക്ക് പോകുന്നതിന് ഓഖ്‌ല അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം പുറത്തേക്ക് വിടുന്നതാണ് നല്ലതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്നലെ ഡൽഹി-ജയ്പൂർ ഹൈവേയിൽ മൂന്ന് മണിക്കൂർ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. വിമാന സർവീസും വെള്ളപ്പൊക്കത്തെ തുടർന്ന് അവതാളത്തിലാണ്. സെപ്റ്റംബർ നാല് വരെ ഇടിമിന്നലോടു കൂടി മഴ ഉണ്ടാകുമെന്നാണ് കാലവാവസ്ഥ വകുപ്പിൻറെ അറിയിപ്പ്. 2023ലാണ് ഡൽഹി ഏറ്റവും രൂക്ഷമായി വെള്ളപ്പൊക്കം നേരിട്ടത്. അന്ന് 25000 പേരെയാണ് ഒഴിപ്പിച്ചത്.

facebook twitter