+

ടൗൺഷിപ്പ് നിർമ്മാണം ഭൂമി ഏറ്റെടുത്തു; നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് ആരംഭിക്കും

ചൂരൽമല - മുണ്ടക്കൈ ഉരുൾ പൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന മാതൃകാ ടൗൺഷിപ്പിനുള്ള ഭൂമി സർക്കാർ ഏറ്റെടുത്തു.


കൽപ്പറ്റ : ചൂരൽമല - മുണ്ടക്കൈ ഉരുൾ പൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന മാതൃകാ ടൗൺഷിപ്പിനുള്ള ഭൂമി സർക്കാർ ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ്  വയനാട്  ജില്ലാ കളക്ടർ ഭൂമി ഏറ്റെടുത്തത്.  ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 26 കോടി രൂപ ഹൈക്കോടതി റജിസ്റ്റർ ജനറലിന്റെ അക്കൗണ്ടിൽ മുമ്പ് കെട്ടി വെച്ചിട്ടുണ്ടായിരുന്നു. 

അത് കൂടാതെ ഇന്നത്തെ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് 17.7754875  കോടി രൂപ  ഹൈക്കോടതിയിൽ കെട്ടിവെക്കാൻ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്ന് ഹൈക്കോടതി നിർദ്ദേശിച്ച തുക കോടതിയിൽ കെട്ടിവെയ്ക്കുന്നതിനും ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിനും തീരുമാനിച്ചത്. 

കൽപ്പറ്റ വില്ലേജ് ബ്ലോക്ക് 19 റീ സർവ്വേ നമ്പർ 88 ൽ 64.4705 ഹെക്ടർ ഭൂമിയും കുഴിക്കൂർ ചമയങ്ങളും ഏറ്റെടുത്താണ് സർക്കാർ ബോർഡ് സ്ഥാപിച്ചത്. ഹൈക്കോടതി ഉത്തരവ് ലഭിക്കുന്നത് ഇന്നലെ (ഏപ്രിൽ 11) വൈകിട്ട് ഏഴ് മണിക്ക് ശേഷമാണ്. ജില്ലാ കളക്റ്റർ ഡി.ആർ മേഘശ്രീ, ഭൂമി ഏറ്റെടുക്കുന്നതിനും പ്രാരംഭ പ്രവർത്തനങ്ങൾക്കും സർക്കാർ നിയോഗിച്ച സ്‌പെഷ്യൽ ഓഫീസർ ജെ.ഒ അരുൺ, എ.ഡി.എം കെ. ദേവകി, തഹസിൽദാർമാർ, റവന്യു, ട്രഷറി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ രാത്രി തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് നേതൃത്വം നൽകി. ഏറ്റെടുത്ത ഭൂമിയിൽ നിർമ്മാണ പ്രവർത്തികൾ ഇന്ന് ആരംഭിക്കും.

facebook twitter